ബിഷപ് ഫ്രാങ്കോ ലൈംഗികമായി പീഡിപ്പിച്ചു: കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച കത്ത് പുറത്ത്

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച കത്ത് പുറത്ത്. ബിഷപ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി കത്തില്‍ പറയുന്നു. ബിഷപ് രണ്ട് തവണ മുറിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. രണ്ട് തവണയാണ് കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് പരാതി നല്‍കിയത്.

ഈ വര്‍ഷം ജനുവരി 28 ന് സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ ആറുപേജുള്ള പരാതിയാണ് കന്യാസ്ത്രീ നല്‍കിയത്. ബംഗളുരുവിലെ ബിഷപ് കുര്യന്‍ വലിയകണ്ടത്തില്‍ വഴിയാണ് ഈ പരാതി നല്‍കിയത്. എന്നാല്‍ ഇതില്‍ നടപടിയൊന്നും ഉണ്ടാകാതെ വന്നതിനെ തുടര്‍ന്ന് ജൂണ്‍ 24 ന് ഇ-മെയില്‍ വഴിയും പരാതി അയച്ചു.

ബിഷപ്പില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നെന്ന് വളരെ വ്യക്തമായി പരാതിയില്‍ പറയുന്നു. ബിഷപ് തന്റെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

2017 നവംബറില്‍ തനിക്കെതിരെ ബിഷപ് ഫ്രാങ്കോ വ്യാജപരാതി നല്‍കിയെന്നും അത് തന്നെ മാനസികമായി തളര്‍ത്തിയെന്നും ഇ മെയിലില്‍ പറയുന്നു. സഭാ വക്താവ് പീറ്റര്‍ കാവുംപുറത്തിന്റെ സഹായത്തോടെ പത്രമാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയകള്‍ വഴിയും തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കുന്നതിനുള്ള ശ്രമങ്ങള്‍ ബിഷപ് ഫ്രാങ്കോ തുടരുകയാണ്. സഭാ നേതൃത്വത്തില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സൂചിപ്പിച്ചാണ് ഇ മെയില്‍ അവസാനിപ്പിക്കുന്നത്.

DONT MISS
Top