ജസ്റ്റിസ് ജോസഫിനെ ജൂനിയറാക്കിയ നടപടി ജുഡീഷ്യറിയെ അപമാനിക്കല്‍: രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: മലയാളിയായ ജസ്റ്റിസ് കെഎം ജോസഫിനെ സീനിയോറിറ്റിയില്‍ ഏറ്റവും താഴെയാക്കി സുപ്രിം കോടതി ജഡ്ജിയായി നിയമിച്ച നടപടി ജൂഡീഷ്യറിയെ വരുതിക്ക് വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ഫലത്തില്‍ ജുഡീഷ്യറിയെ അപമാനിക്കലാണ്. ജസ്റ്റിസ് കെഎം ജോസഫിനെയാണ് കൊളീജിയം ആദ്യം സുപ്രിം കോടതി ജഡ്ജി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. എന്നാല്‍ അത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാനാകത്തതിനെ തുടര്‍ന്ന് വീണ്ടും ശുപാര്‍ശ അയക്കേണ്ടി വന്നു. പിന്നീട് ഗത്യന്തരമില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ജസ്റ്റിസ് ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ തയ്യാറായത്. എന്നാല്‍ കൊളീജീയം ശുപാര്‍ശ ചെയ്ത് ആറ് മാസത്തിന് ശേഷം ശുപാര്‍ശ ലഭിച്ച ജഡ്ജിമാരെല്ലാം അദ്ദേഹത്തെക്കാള്‍ സീനിയറാവുകയും, ജസ്റ്റിസ് ജോസഫ് മൂന്നാമനാവുകയും ചെയ്യുന്ന അവസ്ഥയാണിപ്പോഴുള്ളത്.

ജൂഡീഷ്യറിയെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ നിരവധിയായ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കുമ്പോള്‍ അവിടുത്തെ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിന്റെ തിരുമാനത്തെ അസാധുവാക്കിയതോടെ ജസ്റ്റിസ് ജോസഫ് ബിജെപി സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു. തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ കോടതികളിലായാല്‍ പോലും അംഗീകരിക്കാന്‍ കഴിയില്ലെന്ന ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യ ഫാസിസ്റ്റ് സ്വഭാവം ജസ്റ്റിസ് ജോസഫിനെ സുപ്രിം കോടതിയില്‍ നിയമിച്ച രീതിയില്‍ നിന്ന് വ്യക്തമാവുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിലനില്‍പ്പിനെയും തകര്‍ക്കുന്ന രീതിയിലാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഇത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തെ പൂര്‍ണ്ണമായും തകര്‍ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

DONT MISS
Top