കമ്പകക്കാനം കൂട്ടക്കൊലപാതകം: അന്ധവിശ്വാസത്തിന്റെ പേരില്‍ കൃഷ്ണന്റെ ശിഷ്യന്‍ നടത്തിയത്, ഒരാള്‍ അറസ്റ്റില്‍

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ മുഖ്യപ്രതി കാരിക്കോട് സ്വദേശി ലിബീഷിന്റെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തി. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി അനീഷിന്റെ അടുത്ത സുഹൃത്താണ് ലിബീഷ്. അതേസമയം, അനീഷിന്റെ അറസ്റ്റ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

അന്ധവിശ്വാസമാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇടുക്കി എസ്പി കെബി വേണുഗോപാല്‍ പറഞ്ഞു. കൊലനടത്തിയത് അനീഷും ലിബീഷും ചേര്‍ന്നാണെന്ന് എസ്പി പറഞ്ഞു. തന്റെ മന്ത്രസിദ്ധി കൃഷ്ണന്‍ കാരണം നഷ്ടപ്പെടുന്നെന്ന അനീഷിന്റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വര്‍ഷങ്ങളായി കൃഷ്ണന്റെ ശിഷ്യനാണ് അനീഷ്.

കൊലനടന്നത് ജൂലൈ 29 ന് രാത്രി

ജൂലൈ 29 ന് രാത്രിയിലാണ് കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്തിയത്. അടിമാലിയിലെ ഒരു കുഴല്‍ക്കിണര്‍ കമ്പനിയില്‍ ഇരുവരും ജോലി ചെയ്തിരുന്നു. രാത്രി എട്ട് മണിയോടെ അനീഷ് ലിബീഷിന്റെ വീട്ടിലെത്തി. ബുള്ളറ്റിന്റെ പൈപ്പുമായി രാത്രി പന്ത്രണ്ട് മണിയോടെ ഇരുവരും കൃഷ്ണന്റെ വീട്ടിലെത്തി. ആടുകളോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്ന ആളായിരുന്നു കൃഷ്ണന്‍. വീട്ടില്‍ ആടുകളെ വളര്‍ത്തുകയും ചെയ്തിരുന്നു. ഇത് മുതലെടുത്താണ് കൃഷ്ണനെ വീടിന് പുറത്തെത്തിച്ചത്.

ആടിനെ ഉപദ്രവിച്ച് കരയിച്ചപ്പോള്‍ കൃഷ്ണന്‍ പുറത്തിറങ്ങി. നേരത്തെ തന്നെ വീട്ടിലെ വൈദ്യുതബന്ധം ഇരുവരും വിച്ഛേദിച്ചിരുന്നു. ഇരുട്ടത്ത് വെളിയിലെത്തിയ കൃഷ്ണനെ അനീഷ് കകൈയില്‍ കരുതിയിരുന്ന പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് പിന്നാലെയെത്തിയ ഭാര്യ സുശീലയെ ലിബീഷും കൊലപ്പെടുത്തി. ശബ്ദം കേട്ട് മകള്‍ ആര്‍ഷ കമ്പി വടിയുമായാണെത്തിയത്. ആര്‍ഷയില്‍ നിന്ന് പ്രതികള്‍ക്ക് അല്‍പം ചെറുത്ത് നില്‍പ് നേരിടേണ്ടി വന്നു. വായ് പൊത്തിപ്പിടിക്കാന്‍ ശ്രമിച്ച അനീഷിന്റെ കൈയില്‍ ആര്‍ഷ കടിച്ചു. കടിയില്‍ അനീഷിന്റെ ഒരു വിരലിലെ നഖം അടര്‍ന്ന് പോയി. അടുക്കള ഭാഗത്തുവച്ച് ആര്‍ഷയെ അടിച്ചുകൊലപ്പെടുത്തി.

ഏറ്റവും ഒടുവിലാണ് മകന്‍ അര്‍ജുന്‍ ഇറങ്ങി വന്നത്. അല്‍പം മാനസിക വൈകല്യമുള്ള കുട്ടിയാണ് അര്‍ജുന്‍. അടികൊണ്ട അര്‍ജുന്‍ മുറിയിലേക്ക് ഓടി. എന്നാല്‍ പ്രതികള്‍ പിന്നാലെയെത്തി വീണ്ടും അടിച്ചു വീഴ്ത്തിയ ശേഷം കത്തിയുപയോഗിച്ച് വെട്ടി. പിന്നീട് നാലുപേരുടെയും ശരീരങ്ങള്‍ കത്തിയുപയോഗിച്ച് വികൃതമാക്കി.

കൊലനടത്തിയ ശേഷം വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കിയ ശേഷം ഇരുവരും ലിബീഷിന്റെ വീട്ടിലേക്ക് പോയി. രണ്ടാം ദിവസമാണ് മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ ഇരുവരും കൃഷ്ണന്റെ വീട്ടിലെത്തുന്നത്. വീടിനുള്ളില്‍ കടന്നപ്പോള്‍ അര്‍ജുന്‍ മുന്നിലത്തെ മുറിയില്‍ തലയില്‍ കൈവെച്ച് ഇരിക്കുകയാണ്. ചുറ്റികകൊണ്ട് തലയ്ക്കടിച്ച് അര്‍ജുന്റെ മരണം ഉറപ്പാക്കി. പിന്നീടാണ് മൃതദേഹങ്ങള്‍ മറവുചെയ്തത്. വാര്‍ത്താ സമ്മേളനത്തില്‍ ഇടുക്കി എസ്പി വ്യക്തമാക്കി.

കൊലയ്ക്ക് കാരണം അന്ധവിശ്വാസം

രണ്ട് വര്‍ഷത്തോളം കൃഷ്ണന്റെ സഹായി ആയി നിന്ന് പൂജയും മന്ത്രവാദവും പഠിച്ചയാളാണ് അനീഷ്. പിന്നീട് അനീഷ് സ്വന്തമായി പൂജകള്‍ ചെയ്യാന്‍ തുടങ്ങി. എന്നാല്‍ ഇവയൊന്നും ഫലിച്ചിരുന്നില്ല. കൃഷ്ണന്‍ തന്റെ മാന്ത്രികശക്തി അപഹരിച്ചത് കൊണ്ടാണ് ഇതെന്നായിരുന്നു അനീഷിന്റെ വിശ്വാസം. ഇതുമൂലമുണ്ടായ വൈരാഗ്യമാണ് കൃഷ്ണനെ കൊലപ്പെടുത്തണമെന്ന ചിന്തയിലേക്ക് നയിച്ചതെന്ന് എസ്പി വ്യക്തമാക്കി. ആറ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ലിബീഷ് സഹകരിക്കാഞ്ഞതോടെ നീണ്ട് പോവുകയായിരുന്നു.

കൃഷ്ണനെ കൊലപ്പെടുത്തിയാല്‍ അദ്ദേഹത്തിനുള്ള 300 മൂര്‍ത്തികളുടെ ശക്തികൂടി തനിക്ക് ലഭിക്കുമെന്നാണ് അനീഷ് കണക്കുകൂട്ടിയത്. ഒപ്പം വീട്ടിലുള്ള പണവും സ്വര്‍ണവും കൈക്കലാക്കാമെന്നും കണക്കുകൂട്ടി.

DONT MISS
Top