ബലാത്സംഗക്കേസ്: ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് സുപ്രിം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു

സുപ്രിം കോടതി

ദില്ലി: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഓര്‍ത്തോഡോക്‌സ് വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ ജോര്‍ജ് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളി. കീഴ്ക്കോടതിയില്‍ കീഴടങ്ങാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. വൈദികര്‍ തിങ്കളാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങുമെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അന്ന് തന്നെ അഭിഭാഷകര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാവുന്നതാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

സുപ്രിം കോടതി നിര്‍ദേശിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്‍ സുപ്രിം കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. ഇതുവരെ നടന്ന അന്വേഷണത്തില്‍ ഇരയായ യുവതിയെ സംശയിക്കേണ്ട വസ്തുതകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരി കോടതിയെ അറിയിച്ചു. യുവതി മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയും പരാതിയും തമ്മില്‍ പൊരുത്തക്കേടില്ലെന്നും ഗിരി ചൂണ്ടിക്കാട്ടി. വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

അതേസമയം, കേസിലെ ഒന്നാം പ്രതിയായ വൈദികന്‍ സമൂഹ മാധ്യമത്തിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായി യുവതി സുപ്രിം കോടതിയെ അറിയിച്ചു. ഈ വാദം കൂടി കണക്കിലെടുത്തതാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളിയത്.

DONT MISS
Top