ജമ്മു കശ്മീരിന് പ്രത്യേക അധികാരം: ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന് പരിശോധിക്കും

സുപ്രിം കോടതി

ദില്ലി: ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 35 എ അനുച്ഛേദത്തിന് എതിരായ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന് പരിശോധിക്കുമെന്ന് സുപ്രിം കോടതി. ഓഗസ്റ്റ് അവസാനവാരം മൂന്നംഗ ബെഞ്ച് ഇക്കാര്യം പരിശോധിക്കും. ജമ്മു കശ്മീരിലെ ക്രമസമാധാനപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടു. ജമ്മു കശ്മീരില്‍ അതീവ സുരക്ഷ തുടരുകയാണ്.

ജമ്മു കശ്മീരില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഭരണഘടനയുടെ അനുച്ഛേദം 35 എയ്ക്ക് എതിരായ ഹര്‍ജികള്‍ സുപ്രിം കോടതി പരിഗണിച്ചത്. സംസ്ഥാനത്തെ സ്ഥിരതാമസക്കാരെ നിര്‍വചിക്കുകയും പുറത്ത് നിന്നുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ വസ്തുക്കള്‍ വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്നാണ് ഹര്‍ജി നല്‍കിയ വീ ദി സിറ്റിസണിന്റെ വാദം.

സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളും പഞ്ചായത്ത് തെരഞ്ഞെടുപ്പും കണക്കിലെടുത്ത് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അറുപത് വര്‍ഷത്തിന് ശേഷമാണ് വിഷയം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. അനുച്ഛേദം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണോ എന്ന് പരിശോധിക്കും.

അതേസമയം, കേസ് സുപ്രിം കോടതി പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ വ്യവസ്ഥ സംരക്ഷണിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ നടന്നു. കര്‍ശന സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

DONT MISS
Top