മഞ്ചേശ്വരത്തെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം; കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

കാസര്‍ഗോഡ്: മഞ്ചേശ്വരത്തെ സിപിഐഎം പ്രവര്‍ത്തകനായ അബ്ദുള്‍ സിദ്ദിഖിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കാസര്‍ഗോഡ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ ചുമതല. 15 അംഗ അന്വേഷണ സംഘത്തില്‍ രണ്ട് സിഐമാര്‍ ഉണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരത്ത് ഉച്ചയ്ക്ക് 2 മണിക്ക് ശേഷം സിപിഐഎം ഹര്‍ത്താല്‍ ആചരിക്കും.

കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ട് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതായി പൊലീസ് സംശയിക്കുന്നു. പ്രതികളില്‍ ഒരാള്‍ ബിജെപി അനുഭാവം ഉള്ളയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ സഹോദരനും ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്. ആര്‍എസ്എസ് അനുഭാവികളാണ് കൊലപാതകത്തില്‍ പിന്നിലെന്ന് സിപിഐഎമ്മും ആരോപിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മൃതദേഹം ഇപ്പോള്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലാണ് ഉള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം വിദഗ്ദ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകും. വൈകുന്നേരത്തോടെ വിലാപയാത്രയായി മൃതദേഹം മഞ്ചേശ്വരത്തെ വീട്ടില്‍ എത്തിക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം.

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷനായ ചുമതലയേറ്റ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ഇന്ന് കാസര്‍ഗോഡ് സ്വീകരണം നല്‍കുന്നുണ്ട്.  പത്ത് മണിക്കാണ് ശ്രീധരന്‍ പിള്ള കാസര്‍ഗോഡ് എത്തുന്നത്. നാല് മണിക്കാണ് സ്വീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹനത്തില്‍ എത്തുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിക്കാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടും ഉണ്ട്. അതിനാല്‍ കനത്ത സുരക്ഷയാണ് ജില്ലയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്.

DONT MISS
Top