ജസ്റ്റിസ് കെഎം ജോസഫിനെ സീനിയോറിറ്റിയില്‍ പിന്നിലാക്കിയ മോദി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സുധീരന്‍

വിഎം സുധീരന്‍

കൊച്ചി: ജസ്റ്റിസ് കെഎം ജോസഫിനെ സീനിയോറിറ്റിയില്‍ പിന്നിലാക്കിയ മോദി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. 2016ല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ തീരുമാനം റദ്ദാക്കിയ ജസ്റ്റിസ് ജോസഫിനോടുള്ള ബിജെപി ഭരണകൂടത്തിന്റെ പ്രതികാരത്തിന്റെ ഭാഗമാണിതെന്നും സുധീരന്‍ ആരോപിച്ചു.

‘ഈ കടുത്ത അനീതി തിരുത്താന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് മുന്‍കൈയ്യെടുക്കണമെന്നുള്ളതാണ് പൊതുവികാരം. ജുഡീഷ്യറിയുടെ അധികാരത്തില്‍ കൈകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇമ്മാതിരിയുള്ള തെറ്റായ നടപടികള്‍ക്ക് അന്ത്യം കുറിക്കേണ്ടതാണ്’, സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം സുപ്രിം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ട ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി കേന്ദ്രസര്‍ക്കാര്‍ താഴ്ത്തിയതില്‍ ജഡ്ജിമാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുകയാണ്. കേന്ദ്രസര്‍ക്കാര്‍ നടപടിയിലുള്ള പരാതി സുപ്രിം കോടതിയിലെ ഒരു വിഭാഗം ജഡ്ജിമാര്‍ നാളെ ചീഫ് ജസ്റ്റിസ് ദിപക് മിശ്രയെ നേരില്‍ കണ്ട് അറിയിക്കും. ജുഡീഷ്യറിയുടെ അന്തസ്സ് ഇടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ അനുവദിക്കരുതെന്നും ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും.

DONT MISS
Top