വെറിറ്റോയും വെറിറ്റോ വൈബും മഹീന്ദ്ര പിന്‍വലിച്ചു


വെറിറ്റോ ഇനി മഹീന്ദ്രയുടെ നിരയിലില്ല. റെനോയോടൊപ്പം മഹീന്ദ്ര ലോഗന്‍ എന്ന പേരില്‍ നിരത്തിലെത്തിച്ച് പീന്നീട് വെറിറ്റോ ആയിമാറിയ സെഡാന്‍ കമ്പനി പിന്‍വലിക്കുകയാണ്. കാറിന്റെ ഹാച്ച്ബാക്കായ വെറിറ്റോ വൈബും ഇനി വില്‍പനയ്ക്കുണ്ടാവില്ല.

രണ്ടുവര്‍ഷത്തിനകം ബിഎസ്-6 നിലവാരത്തിലേക്ക് എഞ്ചിനുകള്‍ മാറ്റണം എന്ന നിര്‍ദ്ദേശം കമ്പനികള്‍ക്ക് സര്‍ക്കാരില്‍നിന്ന് ലഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ വില്‍പന തീര്‍ത്തും കുറഞ്ഞ വെറിറ്റോകള്‍ നിലനിര്‍ത്തേണ്ടതില്ല എന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വൈബിന്റെ ഇലക്ട്രിക് വെര്‍ഷന്‍ നിലനിര്‍ത്തുമെന്നും കമ്പനി അറിയിക്കുന്നു.

ഒരുകാലത്ത് ഏറ്റവും വിലകുറഞ്ഞ ഡീസല്‍ സെഡാനായി നിരത്തിലെത്തി വാഹന പ്രേമികളെ ഞെട്ടിച്ച മോഡലായിരുന്നു ലോഗന്‍. റെനോയുടെ എഞ്ചിന്‍ ഘടിപ്പിച്ച് കരുത്തും ആരേയും അതിശയിപ്പിക്കുന്ന മൈലേജും ലോഗന്‍ നല്‍കി.  എന്നാല്‍ റെനോയുമായി പിരിഞ്ഞതിന് ശേഷമാണ് ലോഗന്‍ വെറിറ്റോ ആയി മാറുന്നത്. ലോഗന്‍ നല്‍കിയ സല്‍പേര്‍ തുടരാന്‍ വെറിറ്റോയ്ക്ക് കഴിഞ്ഞതുമില്ല.

ഹാച്ച്ബാക്ക് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് റെനോ മഹീന്ദ്രയുമായി പിരിയുന്നത്. മഹീന്ദ്ര വെറിറ്റോ വൈബ് എന്ന ഹാച്ച്ബാക്കുമിറക്കി. പിന്നീട് ഇന്ത്യന്‍ നിരത്തിലേക്ക് നേരിട്ട് എത്തിയ റെനോ ഡസ്റ്ററും എക്‌സ്‌യുവി പുറത്തിറക്കി മഹീന്ദ്രയും നേരിട്ട് ഏറ്റുമുട്ടി. ഇരുമോഡലുകളും ഇരു കമ്പനികള്‍ക്കും വന്‍ നേട്ടങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.

DONT MISS
Top