ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി: ഉജ്ജയിന്‍ ബിഷപ്പിന്റെ മൊഴി ഇന്നെടുക്കും

ദില്ലി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതി അന്വേഷിക്കുന്ന പ്രത്യേകസംഘം ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേയിലിന്റെ മൊഴി ഇന്ന് എടുക്കും. പീഡനത്തിന് ഇരയായ കന്യാസ്ത്രി പരാതി ആദ്യം കൈമാറിയത് ഉജ്ജയിന്‍ ബിഷപ്പിനായിരുന്നു. വൈക്കം ഡിവൈഎസ്പി പികെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉജ്ജയിന്‍ ബിഷപ്പിന്റെ മൊഴി എടുക്കുക.

ഇതിന് ശേഷം ദില്ലിയിലെത്തി വത്തിക്കാന്‍ സ്ഥാനപതി പ്രതിനിധിയുടെ മൊഴി അന്വേഷണസംഘം എടുക്കും. തിങ്കളാഴ്ച വത്തിക്കാന്‍ സ്ഥാനപതി പ്രതിനിധിയുടെ മൊഴിയെടുക്കാന്‍ അനുമതി ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. പിന്നീട് അന്വേഷണനടപടികളുടെ എല്ലാ വിവരശേഖരണങ്ങള്‍ക്കും ശേഷം ജലന്ധറിലേക്ക് തിരിക്കും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

ഇതിനിടെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അഭിപ്രായപ്പെട്ടു. ജലന്ധര്‍ കത്തോലിക്ക രൂപതയുടെ മുഖപുസ്തകമായ സാഡാ സമാനയിലൂടെയാണ് വിശ്വാസികള്‍ക്കുള്ള ബിഷപ്പിന്റെ സന്ദേശം. ബിഷപ്പിന്റെ സന്ദേശത്തില്‍ കന്യാസ്ത്രീയുടെ പീഡനപരാതിയെ കുറിച്ച് നേരിട്ട് പരാമര്‍ശമില്ല. എങ്കിലും പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാന്‍ വിശ്വാസികളുടെ സഹകരണം വേണമെന്നും ബിഷപ്പെന്ന നിലയില്‍ ഇനിയും ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുമെന്നും സന്ദേശത്തില്‍ പറയുന്നു.

DONT MISS
Top