ജമ്മു കശ്മീരിനുള്ള പ്രത്യേക അധികാരം റദ്ദാക്കിയാല്‍ സംസ്ഥാന പൊലീസില്‍ കലാപം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്, ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് സര്‍ക്കാര്‍

സുപ്രിം കോടതി

ദില്ലി: ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 35 എ അനുച്ഛേദം സുപ്രിം കോടതി റദ്ദാക്കിയാല്‍ സംസ്ഥാന പൊലീസ് സേനയില്‍ കലാപം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പ്. ഭരണഘടനയുടെ 35 എ അനുച്ഛേദം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്ന് സുപ്രിം കോടതിയോട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നാളെ സുപ്രിം കോടതി ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്.

ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാരെ നിര്‍വചിക്കുകയും സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ വസ്തുക്കള്‍ വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്ന വ്യവസ്ഥയാണ് ഭരണഘടനയുടെ 35 എ അനുച്ഛേദം. 1954 ല്‍ രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 35 എ അനുച്ഛേദം ഭരണഘടനയുടെ ഭാഗമാക്കിയത്. എന്നാല്‍ ഈ വ്യവസ്ഥ ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് അനുഭാവസന്നദ്ധ സംഘടന വീ ദി സിറ്റിസണ്‍ ആണ് സുപ്രിം കോടതിയെ സമീപിച്ചത്.

1947 ല്‍ പടിഞ്ഞാറന്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവര്‍ക്ക് ഈ നിയമം കാരണം ജമ്മു കശ്മീരില്‍ ഭൂമിയും മറ്റും വാങ്ങാന്‍ കഴിയുന്നില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. 35 എ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം എംഎല്‍എ മുഹമ്മദ് യൂസഫ് തരിഗാമി ഉള്‍പ്പെടെ ചിലരും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് നാളെ ഈ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ ആണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.

സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഹര്‍ജിക്കള്‍ ഒക്ടോബറിന് ശേഷം പരിഗണിക്കാനായി മാറ്റണം എന്നാണ് ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ ആവശ്യം. ഇതിനിടെ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 35 എ അനുച്ഛേദം സുപ്രിം കോടതി റദ്ദാക്കിയാല്‍ സംസ്ഥാന പൊലീസ് സേനയില്‍ കലാപം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ സുപ്രിം കോടതി ഹര്‍ജികള്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

DONT MISS
Top