കവിയൂര്‍ പീഡന കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നല്‍കുന്നതിനെതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി

ദില്ലി: കവിയൂര്‍ പീഡനം, സമ്പത്തിന്റെ കസ്റ്റഡി മരണം, മലബാര്‍ സിമെന്റ്‌സിലെ ശശീന്ദ്രന്‍ കൊലപാതകം തുടങ്ങിയ കേസുകള്‍ അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന്‍ നന്ദകുമാരന്‍ നായര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നല്‍കുന്നതിന് എതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി. ക്രൈം വാരികയുടെ പത്രാധിപര്‍ ടിപി നന്ദകുമാറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

നന്ദകുമാരന്‍ നായര്‍ക്കെതിരെ വിവിധ കേസുകളില്‍ വ്യത്യസ്ത കോടതികള്‍ നിശിതമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളതായി ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. സമ്പത്ത് കസ്റ്റഡി മരണം അന്വേഷിക്കവേ ഐപിഎസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് യാസിനെ സംരക്ഷിക്കാന്‍ നന്ദകുമാര്‍ ശ്രമിച്ചതായി 2013 ല്‍ കേരള ഹൈക്കോടതി പുറപ്പടിവിച്ച ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ളതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മലബാര്‍ സിമെന്റ്‌സ് ജീവനക്കാരന്‍ ശശീന്ദ്രന്റെ മരണം അന്വേഷിച്ച നന്ദകുമാരന്‍ നായര്‍ക്ക് ഗുരുതരമായ വീഴ്ച ഉണ്ടായി എന്ന് സിബിഐ കോടതി തന്നെ കണ്ടെത്തിയതായി ടിപി നന്ദകുമാര്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. കവിയൂര്‍ പീഡന കേസില്‍ തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ട സിബിഐ കോടതിയും അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന നന്ദകുമാറിനെ വിമര്‍ശിച്ചിട്ടുള്ളതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കോടതികളില്‍ നിന്ന് അന്വേഷണ വീഴ്ചകള്‍ക്ക് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ ഉദ്യോഗസ്ഥന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നല്‍കരുത് എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. 2017 ഓഗസ്റ്റ് 15 നാണ് നന്ദകുമാര്‍ നായര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചത്. വരുന്ന ഓഗസ്റ്റ് 15 നോ തൊട്ട് അടുത്ത ദിവസങ്ങളിലോ ഈ മെഡല്‍ വിതരണം ചെയ്യാന്‍ സാധ്യത ഉണ്ടെന്ന് ടിപി നന്ദകുമാര്‍ തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തടയണം എന്നാണ് സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയിലെ ആവശ്യം.

ഇതേ ആവശ്യം ഉന്നയിച്ച് ടിപി നന്ദകുമാര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന ഹര്‍ജി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് അഭിഭാഷക രഷ്മിത ചന്ദ്രന്‍ മുഖേനെ ടി പി നന്ദകുമാര്‍ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

DONT MISS
Top