‘കോടികള്‍ ഉടന്‍ കയ്യില്‍ വരും’; വണ്ണപ്പുറത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിബുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് നാലു പേരെ കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഷിബു സുഹൃത്തുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്. കോടികള്‍ ഉടന്‍ കയ്യില്‍ വരും എന്ന് ഷിബുവിന്റെ സുഹൃത്തായ അബ്ദുള്‍ റഹ്മാനുമായി പറയുന്ന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഫോണ്‍ സംഭാഷണം കേസിലെ നിര്‍ണായക തെളിവാകും. ഷിബു പല തവണ വണ്ണപ്പുറത്ത് എത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകം നടക്കുന്ന അന്നും ഷിബു ഇവിടെ എത്തി എന്നതാണ് പൊലീസിന്റെ നിഗമനം.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം പാങ്ങോട് സ്വദേശിയായ ഷിബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കൂടാതെ മറ്റ് മൂന്നുപേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊല്ലപ്പെട്ട കൃഷ്ണന്റെ ഫോണ്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇയാള്‍ പല സിമ്മുകള്‍ ഉപയോഗിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കൃഷ്ണന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ നാല് വിരലടയാളങ്ങളില്‍ പൊലീസിന് സംശയം ഉണ്ട്. വീട്ടുകാരുടേതല്ലാത്ത നാല് വിരലടയാളങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അതിനിടെ കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. കൃഷ്ണന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതം നടത്തിയതെന്നും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. കൃഷ്ണന്‍ ആരെയൊ ഭയപ്പെട്ടിരുന്നെന്നും അതിനാലാണ് വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നുമാണ് പൊലീസ് വിലയിരുത്തുന്നത്.

താന്‍ ആക്രമിക്കപ്പെടുമെന്ന് കൃഷ്ണന്‍ ഭയപ്പെട്ടിരുന്നതായും ആക്രമണമുണ്ടായാല്‍ തിരിച്ചടിയ്ക്കാന്‍ കൃഷ്ണന്‍ എല്ലാ മുറികളിലും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എല്ലാ മുറികളിലും വള്ളികെട്ടിയ ഇരുമ്പ് വടി, കത്തി, ചെറിയ വാളുകള്‍ എന്നിവ ഉണ്ടായിരുന്നു.

DONT MISS
Top