ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നു, ചരിത്ര ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയം

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് ജയം. 31 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 194 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം ലഞ്ചിന് മുന്‍പ് 162 റണ്‍സിന് പുറത്തായി. തങ്ങളുടെ ആയിരാമത് ടെസ്റ്റില്‍ സ്വന്തം നാട്ടില്‍ അഭിമാനകരമായ വിജയം കൈവരിക്കാനായി എന്നത് ഇംഗ്ലണ്ടിന് നേട്ടമായി.

രണ്ട് ഇന്നിംഗ്‌സിലും ബാറ്റിംഗ് തകര്‍ന്നിട്ടും മികച്ച ബൗളിംഗിലൂടെയാണ് ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയെ തകര്‍ത്തത്. 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോഹ് ലിക്കും 31 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യെയ്ക്കും മാത്രാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ച് നില്‍ക്കാനായത്.

അഞ്ചിന് 110 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂടി ചേര്‍ത്തപ്പോള്‍ 20 റണ്‍സെടുത്ത കാര്‍ത്തികിനെ ആന്‍ഡേഴ്‌സണ്‍ പുറത്താക്കി. ഏഴാം വിക്കറ്റില്‍ പാണ്ഡ്യെയുമൊത്ത് 29 റണ്‍സ് ചേര്‍ത്ത് കോഹ്‌ലി പ്രതീക്ഷ കാത്തു. എന്നാല്‍ സ്‌കോര്‍ 141 ല്‍ നില്‍ക്കെ കോഹ് ലിയെ പുറത്താക്കി സ്റ്റോക്ക്സ് മത്സരം പൂര്‍ണമായും ഇംഗ്ലണ്ടിന് അനുകൂലമാക്കി. ഇതോടെ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. പിന്നീട് ചടങ്ങ് തീര്‍ക്കുക എന്ന ചുമതല മാത്രമെ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. 21 റണ്‍സിനിടെ അവശേഷിക്കുന്ന മൂന്ന് വിക്കറ്റുകളും വീഴ്ത്തി ഇംഗ്ലണ്ട് കൈവിട്ടുപോയെന്ന് കരുതിയ മത്സരത്തില്‍ ഉജ്ജ്വലവ വിജയം സ്വന്തമാക്കി.

DONT MISS
Top