ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി: വത്തിക്കാന്‍ സ്ഥാനപതിയുടെ മൊഴി രേഖപ്പെടുത്താനായില്ല

ദില്ലി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്ക് തന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ച സ്ത്രീ പരാതിയില്‍ നിന്ന് പിന്മാറി. ഇതോടെ ബിഷപ്പിനെതിരായ കുരുക്ക് മുറുകി. പീഡന പരാതിയില്‍ വത്തിക്കാന്റെ ഇന്ത്യയിലെ സ്ഥാനപതി ഗിയാംബാറ്റിസ്റ്റ ഡിക്ടാരോയുടെ മൊഴി ഇന്ന് രേഖപെടുത്തതാന്‍ ശ്രമിച്ചു എങ്കിലും നടന്നില്ല. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നാളെ അന്വേഷണസംഘം ചോദ്യം ചെയ്യും.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്ക് തന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ച് യുവതി കന്യാസ്ത്രീ ഉള്‍പ്പെട്ട മഠത്തിലെ മദര്‍ സുപ്പീരിയറിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ കുടുംബതര്‍ക്കങ്ങള്‍ കാരമാണ് മദര്‍ സുപ്പീരിയറിന് പരാതി നല്‍കിയതെന്ന് പീഡന പരാതി അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് യുവതി മൊഴി നല്‍കി.

കന്യാസ്ത്രീയുമായി ഭര്‍ത്താവിന് തെറ്റായ ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും യുവതി അന്വേഷണസംഘത്തെ അറിയിച്ചു. ഇന്നലെ രാത്രി 7. 30 മുതല്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണി വരെ യുവതിയുടെ മൊഴി എടുക്കല്‍ നീണ്ടു നിന്നു. യുവതിയുടെ ഭര്‍ത്താവിന്റെ മൊഴിയും പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ മൊഴി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കൂടുതല്‍ പ്രസന്ധിയിലാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

പീഡന പരാതിയില്‍ വത്തിക്കാന്റെ ഇന്ത്യയിലെ സ്ഥാനപതിയുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തതാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മുന്‍കൂട്ടി അനുമതി എടുക്കാതെ സ്ഥാനപതിയെ കാണാന്‍ കഴിയില്ലെന്ന് എംബസ്സിയിലെ ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തെ അറിയിച്ചു. ബിഷപ്പ് മുളയ്ക്കലിനെതിരായ പരാതി സ്ഥാനപതിക്ക് ഇ മെയിലൂടെ ആദ്യം കൈമാറിയിരുന്നെന്ന് അന്വേഷണസംഘത്തോട് കന്യാസ്ത്രീ പറഞ്ഞിരുന്നു. ഇത്തരം ഒരു മെയില്‍ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനാണ് സ്ഥാനപതിയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

തിങ്കളാഴ്ച വീണ്ടും സ്ഥാനപതി കാര്യാലയത്തില്‍ എത്തും എന്നാണ് അന്വേഷണഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. അന്വേഷണസംഘം നാളെ ജലന്ധറില്‍ എത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യും. ഉജ്ജയിന്‍ ബിഷപ്പിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.

DONT MISS
Top