ആര്‍ക്കും ജയിക്കാം, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്റെ ഫലം ഇന്നറിയാം. അത് അനുകൂലമാവുക ഇംഗ്ലണ്ടിനോ, ഇന്ത്യയ്‌ക്കോ എന്നതാണ് അറിയാനുള്ളത്. ഫലം ആര്‍ക്കും അനുകൂലമാകാം എന്നതാണ് അവസ്ഥ. രണ്ടാം ഇന്നിംഗ്‌സില്‍ 84 റണ്‍സ് കൂടി നേടാനായാല്‍ ഇന്ത്യയ്ക്ക് ജയം സ്വന്തമാക്കാം. അതിന് മുന്‍പ് ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ കൂടി വീഴ്ത്താനായാല്‍ ആതിഥേയര്‍ക്ക് ജയം സ്വന്തമാകും. രണ്ടാം ഇന്നിംഗ്‌സില്‍ 194 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അഞ്ചിന് 110 എന്ന നിലയിലാണ്.

തങ്ങളുടെ ആയിരാമത് ടെസ്റ്റില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നില്ല. നിലവില്‍ അല്‍പമെങ്കിലും മേല്‍ക്കൈ അവകാശപ്പെടാമെങ്കില്‍ അത് ഇന്ത്യയ്ക്കാണ്. കോഹ്‌ലി (43) ക്രീസില്‍ തുടരുന്നു എന്നത് മാത്രമാണ് അതിന് ആധാരം.

ആദ്യ ഇന്നിംഗ്‌സിലേത് പോലെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബൗളര്‍മാര്‍ കടമ നിര്‍വഹിച്ചപ്പോള്‍ ബാറ്റ്‌സ്ബാന്‍മാര്‍ ഉത്തരവാദിത്വം മറന്നു. 194 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയെ നിര്‍ണായക ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. മുന്‍നിരക്കാരായ വിജയും (6) ധവാനും (13) രാഹുലും (13) വീണ്ടും നിരാശപ്പെടുത്തി. രഹാനെയും (2) വ്യത്യസ്തമായിരുന്നില്ല. ഒരറ്റത്ത് പൊരുതാനുറച്ച് നിന്ന നായകന് പിടിച്ച് നിന്ന് പിന്തുണ നല്‍കുക എന്ന കര്‍ത്തവ്യം മാത്രമെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് നിര്‍വഹിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അവസരത്തിനൊത്ത് ഉയരാതെ പേരുകേട്ട ഇന്ത്യന്‍നിര കൂടാരം കയറുന്ന കാഴ്ചയാണ് കാണുന്നത്. പിരിയാത്ത ആറാം വിക്കറ്റില്‍ കാര്‍ത്തിക്കിനൊപ്പം (18) 32 റണ്‍സ് ചേര്‍ത്തിട്ടുണ്ട് കോഹ്‌ലി. ഈ കൂട്ടുകെട്ട് എത്രത്തോളം നീണ്ടുനില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ വിജയാധ്യതകള്‍.

മൂന്നാം ദിനം ഒന്നിന് ഒന്‍പത് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 180 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റുകള്‍ പിഴുത ഇഷാന്ത് ശര്‍മയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഒരു ഘട്ടത്തില്‍ ഏഴിന് 87 എന്ന നിലയിലായിരുന്ന ആതിഥേയരെ 65 പന്തില്‍ 63 റണ്‍സെടുത്ത സാം കുറാനാണ് കരകയറ്റിയത്. ആദില്‍ റഷീദ് (16), ബ്രോഡ് (11) എന്നിവരെ കൂട്ടുപിടിച്ച് അവസാന രണ്ട് വിക്കറ്റുകളില്‍ 93 റണ്‍സാണ് കുറാന്‍ ചേര്‍ത്തത്. ഇതാണ് മത്സരത്തില്‍ നിര്‍ണായകമായി മാറിയതും. കുറാനെ നേരത്തെ പുറത്താക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മത്സരഫലം പൂര്‍ണമായും ഇന്ത്യയ്ക്ക് അനുകൂലം ആകുമായിരുന്നു.

13 ഓവറില്‍ 51 റണ്‍സ് വഴങ്ങിയാണ് ഇഷാന്ത് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. അശ്വിന്‍ 21 ഓവറില്‍ 59 ന് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

DONT MISS
Top