ജസ്റ്റിസ് കെഎം ജോസഫ് ഉള്‍പ്പെടെ മൂന്നുപേര്‍ സുപ്രിം കോടതി ജഡ്ജിമാര്‍; ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു


ദില്ലി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി. അംഗീകരിച്ചു. ജസ്റ്റിസ് കെഎം ജോസഫിന് പുറമെ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരെയും സുപ്രിം കോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്രം അംഗീകാരം നല്‍കിയിരുന്നു. രാഷ്ട്രപതിയുടെ നിയമന ഉത്തരവാണ് ഇപ്പോള്‍ ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. ജസ്റ്റിസ് കെഎം ജോസഫ് അടുത്ത ആഴ്ച സുപ്രിം കോടതി ജഡ്ജിയായി ചുമതല ഏറ്റേക്കും.

കേന്ദ്രസര്‍ക്കാരിനും ജുഡീഷ്യറിക്കും ഇടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയാക്കിയ ശുപാര്‍ശയിലാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനം കൈക്കൊണ്ടത്. ജസ്റ്റിസ് കെഎം ജോസഫിനൊപ്പം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരെക്കൂടി സുപ്രിം കോടതി ജഡ്ജിമാരാക്കാനായിരുന്നു കൊളീജിയം ഏറ്റവുമൊടുവില്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയത്.

മറ്റു ജഡ്ജിമാരെക്കൂടി ശുപാര്‍ശ ചെയ്തതിലൂടെ പ്രാദേശിക പ്രാതിനിത്യമെന്ന അഭിപ്രായത്തോട് കൊളീജിയം യോജിച്ചതായാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടാണ് ജസ്റ്റിസ് ജോസഫിന്റെ ശുപാര്‍ശ അംഗീകരിക്കുന്നതെന്നാണ് വിശദീകരണം. 2018 ജനുവരി 10 ന് ചേര്‍ന്ന കൊളീജിയം യോഗമാണ് മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയുടെയും ജസ്റ്റിസ് കെഎം ജോസഫിന്റെയും പേരുകള്‍ ശുപാര്‍ശ ചെയ്തത്. ഇന്ദു മല്‍ഹോത്രയുടെ നിയമനം അംഗീകരിച്ച കേന്ദ്രം കെഎം ജോസഫിന്റെ പേരു പുനഃപരിശോധനയ്ക്കായി തിരിച്ചയച്ചു.

കേന്ദ്രത്തിന്റെ ഈ നടപടി വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരുന്നു. കേരളം, ദില്ലി, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഒഡിഷ, പട്‌ന ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസ്മാരായി കൊളീജിയം നിര്‍ദേശിച്ച പേരുകള്‍ക്കും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. കേരള ഹൈക്കോടതി യില്‍ നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയ ജസ്റ്റിസ് ഋഷികേശ് റോയിയുടെ പേരാണ് ചീഫ് ജസ്റ്റിസ് പദവിയിലേക്ക് കൊളീജിയം നിര്‍ദേശിച്ചത്.

DONT MISS
Top