അമ്മയിലെ അംഗങ്ങള്‍ കേസില്‍ കക്ഷി ചേരുന്നതിനെ എതിര്‍ത്ത് ആക്രമണത്തെ അതിജീവിച്ച നടി

കൊച്ചി: താരസംഘടനയായ അമ്മയിലെ രണ്ട് വനിതാ അംഗങ്ങള്‍ കേസില്‍ കക്ഷിചേരുന്നതിനെ എതിര്‍ത്ത് ആക്രമണത്തെ അതിജീവിച്ച നടി രംഗത്ത്. താന്‍ നിലവില്‍ അമ്മയില്‍ അംഗമല്ലെന്നും സംഘടനയിലെ വനിതാ അംഗങ്ങളുടെ പിന്തുണ കേസില്‍ വേണ്ടെന്നും നടി പറഞ്ഞു.

അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടി, ഹണി റോസ് എന്നിവരാണ് കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചിരുന്നത്.

കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് രചനയും ഹണി റോസും തീരുമാനിച്ചിരിക്കുന്നത്. കേസില്‍ പ്രോസിക്യൂട്ടറായി 25 വര്‍ഷമെങ്കിലും പ്രവര്‍ത്തനപരിചയം ഉള്ള അഭിഭാഷകനെ നിയമിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു.

കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. സംഘടന പ്രതിയ്‌ക്കൊപ്പമാണെന്ന തോന്നല്‍ ഇത് സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ നടിയ്‌ക്കൊപ്പമാണെന്ന് പറഞ്ഞ് സംഘടനയുടെ പുതിയ പ്രസിഡന്റെ മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. അത്തരമൊരു വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സംഘടനയിലെ തന്നെ രണ്ട് അംഗങ്ങള്‍ നടിക്ക് പിന്തുണയുമായി കേസില്‍ കക്ഷിചേരാന്‍ തീരുമാനിച്ചത്.

DONT MISS
Top