കീഴാറ്റൂരിലെ കേന്ദ്രനിലപാട് ഫെഡറല്‍ സംവിധാനത്തിന് എതിര്: ആഞ്ഞടിച്ച് മുഖ്യമന്ത്രി

ദില്ലി: കീഴാറ്റൂരിലെ ബൈപാസ് നിര്‍മാണത്തിലെ നിലപാടില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കി വയല്‍ക്കിളി സമരസമിതിയുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. കേന്ദ്രത്തിന്റേത് ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന നടപടിയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആര്‍എസ്എസിന് വഴിപ്പെട്ടാണ് കേന്ദ്രം ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ റോഡ് വികസനത്തിന് പാര മലയാളിയായ കേന്ദ്രമന്ത്രിയാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉദ്ദേശിച്ച് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിലെ റോഡ് വികസനം തടയാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണ്. കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കരുതെന്നാണ് ആര്‍എസ്എസിന്റെ മനോഭാവം. കേന്ദ്രമന്ത്രി ഗഡ്കരി നേരത്തെ പദ്ധതിയോട് അനുഭാവപൂര്‍വമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

സ്ഥലം ഏറ്റെടുക്കുന്നതില്‍ എല്ലാവരുമായും ചര്‍ച്ച നടത്തിയിരുന്നു. മറ്റൊരു അലൈന്‍മെന്റ് സാധ്യമല്ലെന്ന് വിദഗ്ധ സമിതി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതൊന്നും നാഷണല്‍ ഹൈവേ അതോറിറ്റിക്ക് അറിയാത്തതല്ല. ആര്‍എസ്എസിന് കീഴ്‌പ്പെടുന്നതിന്റെ ഭാഗമാണ് ഇപ്പൊഴത്തെ നിലപാട്. കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ ദേശീയപാതാ വികസനം നടത്താന്‍ ശ്രമിക്കുമ്പോഴാണ് പാരയുമായി വരുന്നത്. പാരയുമായി വരുന്നവരില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും ഉണ്ട്.

സംസ്ഥാനസര്‍ക്കാരിനെ അവഗണിച്ച് കേന്ദ്രം വിഷയത്തില്‍ ഇടപെട്ടത് ഗുരുതരമായ തെറ്റാണ്. നടപടി കേന്ദ്ര-സംസ്ഥാനബന്ധം തകര്‍ക്കുന്നതാണ്. കേരളത്തോട് പലകാര്യങ്ങളിലും കേന്ദ്രം അവഗണനയാണ് കാണിക്കുന്നത്. ആര്‍എസ്എസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നിയതമായ ചട്ടങ്ങള്‍ ലംഘിക്കുകയാണ്. മുഖ്യമന്ത്രി ആഞ്ഞടിച്ചു.

കീഴാറ്റൂരില്‍ ബദല്‍പാതയുടെ സാധ്യതകള്‍ ആരായുന്നതിന് കീഴാറ്റൂര്‍ സമരസമിതി സംഘവും ബിജെപി നേതാക്കളും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ബദല്‍പാതയുടെ സാധ്യതകള്‍ പരിശോധിക്കുന്നത് വിദഗ്ധ സമിതിയെ രൂപീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രതിനിധിയെ ക്ഷണിക്കാതെ ഇത്തരമൊരു ചര്‍ച്ച നടത്തിയതിനെതിരെയാണ് മുഖ്യമന്ത്രി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

DONT MISS
Top