ഇടുക്കി വണ്ണപ്പുറത്തെ കൂട്ടക്കൊലപാതകം: മോഷണശ്രമത്തിനിടെ അല്ലെന്ന് എസ്പി

തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെ അല്ലെന്ന് എസ്പി കെബി വേണുഗോപാല്‍. വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അതിക്രമിച്ച് കയറിയതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും എസ്പി പറഞ്ഞു. കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് കൊലയ്ക്ക് പിന്നിലെന്നും എസ്പി വ്യക്തമാക്കി.

സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇതില്‍ ഒരാള്‍ നെടുങ്കണ്ടം സ്വദേശിയാണ്. 15 പേരെ ചോദ്യം ചെയ്തതില്‍ നിന്ന് സംശയം തോന്നിയ രണ്ട് പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വീട്ടില്‍ നിന്ന് 35 പവനോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കൊല്ലപ്പെട്ട സുശീലയുടെ സഹോദരി പറയുന്നത്. കൊല്ലപ്പെട്ട ആര്‍ഷയ്ക്ക് വേണ്ടി വാങ്ങിയതായിരുന്നു സ്വര്‍ണം. ഈ സ്വര്‍ണമെല്ലാം തങ്ങളെ കൊണ്ടുവന്ന് കാണിച്ചെന്നും ഇവര്‍ പറഞ്ഞു.

അതിനിടെ കൊല്ലപ്പെട്ട നാലുപേരുടെയും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മൃതദേഹങ്ങള്‍ക്ക് ഒന്നര ദിവസത്തിന് മേല്‍ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തിലേറ്റ മാരകമായ മുറിവുകളാണ് നാലുപേരുടെയും മരണ മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തലയ്‌ക്കേറ്റ മാരകമായ അടി മരണകാരണമായിട്ടുണ്ടെന്നും ശരീരത്തില്‍ വ്യാപകമായി വെട്ടും കുത്തുമേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടുതല്‍ രാസപരിശോധനയ്ക്കായി ആന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തേക്ക് അയക്കും.

ഓഗസ്റ്റ് ഒന്നിനാണ് മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആര്‍ഷ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാലുപേരുടെയും മൃതദേഹം വീടിനു പിറകിലെ ആട്ടിന്‍കൂടിനു സമീപമുള്ള കുഴിയില്‍ മണ്ണിട്ട് മൂടിയ നിലയിലായിരുന്നു. പാല്‍ വാങ്ങാനായി സമീപത്തെ വീട്ടില്‍ രണ്ട് ദിവസമായി എത്താത്തതിനാല്‍ അയല്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട് അടഞ്ഞു കിടക്കുന്നതായി കണ്ടത്. ഇവര്‍ കൃഷ്ണന്റെ സഹോദരനെ വിവരം അറിയിച്ചു. സഹോദരന്‍ വന്ന് വീട് തുറന്ന് പരിശോധിച്ചപ്പോള്‍ വീട്ടിനുള്ളില്‍ രക്തം കണ്ടെത്തി. ഇതിനിടെ വീടിന്റെ പിന്‍വശത്ത് മണ്ണ് മാറ്റിയതായി ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി മൃതദേഹം പുറത്തെടുക്കുകയും ചെയ്തു.

DONT MISS
Top