കോഹ്‌ലി കാത്തു, മറ്റുള്ളവര്‍ കവാത്ത് മറന്നു; മേല്‍ക്കൈ നഷ്ടപ്പെടുത്തി ഇന്ത്യ

എഡ്ജ്ബാസ്റ്റണ്‍: ബൗളര്‍മാര്‍ നടത്തിയ കഠിനാധ്വാനം നായകന്‍ കോഹ്‌ലി ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നിഷ്ഫലമാക്കി കളയുന്നതാണ് എഡ്ജ്ബാസ്റ്റണില്‍ കണ്ടത്. ഇംഗ്ലണ്ടിനെ 287 എന്ന ചെറിയ സ്‌കോറില്‍ ഒതുക്കി ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 13 റണ്‍സിന്റെ ലീഡ് എതിരാളികള്‍ക്ക് സമ്മാനിച്ചാണ് പുറത്തായത്. നായകന്‍ വിരാട് കോഹ്‌ലി (149) നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ രക്ഷിച്ചത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ ഒരുവിക്കറ്റിന് ഒന്‍പത് റണ്‍സ് എടുത്തിട്ടുണ്ട്. ആദ്യ ഇന്നിംഗ്‌സിലെ പോലെ കുക്കിനെ ക്ലീന്‍ബൗള്‍ചെയ്ത് അശ്വിനാണ് വിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റിലെ 22 ആം സെഞ്ച്വറിയാണ് കോഹ്‌ലി കുറിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ പതിനഞ്ചാമത്തെയും. 225 പന്തില്‍ 22 ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പെട്ടതാണ് ഇന്ത്യന്‍ നായകന്റെ ഇന്നിംഗ്‌സ്. ആദില്‍ റഷീദിന്റെ പന്തില്‍ ബ്രോഡ് പിടിച്ചാണ് കോഹ്‌ലി അവസാന ബാറ്റ്‌സ്മാനായി പുറത്തായത്.

ഓപ്പണര്‍മാരില്‍ നിന്ന് ഭേദപ്പെട്ട തുടക്കം ലഭിച്ച ശേഷം മധ്യനിര ഉള്‍പ്പെടെ തകര്‍ന്നടിഞ്ഞതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഒന്നാം വിക്കറ്റില്‍ വിജയും (20) ധവാനും (26) 50 റണ്‍സ് ചേര്‍ത്തപ്പോള്‍ മികച്ച സ്‌കോറാണ് ഇന്ത്യ മനസില്‍ കണ്ടത്. എന്നാല്‍ അവിടുന്ന് കളിമാറി. ഒന്‍പത് റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ മൂന്നിന് 59 എന്ന നിലയിലായി. സാം കുറാന്‍ എന്ന ഇടംകൈയ്യന്‍ പേസറാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്. നാലാം വിക്കറ്റില്‍ കോഹ്‌ലിക്കൊപ്പം രഹാനെ ചേര്‍ന്നപ്പോള്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കണ്ടു.

എന്നാല്‍ കൂട്ടുകെട്ട് 41 റണ്‍സിലെത്തിയപ്പോള്‍ 15 റണ്‍സെടുത്ത രഹാനെയെ പുറത്താക്കി സ്റ്റോക്ക്‌സ് തിരിച്ചടിച്ചു. അപ്പോള്‍ ടീം സ്‌കോര്‍ 100. ഇതേ സ്‌കോറില്‍ ദിനേഷ് കാര്‍ത്തിക്കും (0) പുറത്തായതോടെ ഇന്ത്യ വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ടു. എന്നാല്‍ പിന്നീടെത്തിയവരെ കൂട്ടുപിടിച്ച് കോഹ് ലി നടത്തിയ പോരാട്ടം ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ പാണ്ഡ്യെ (22) യുമൊത്ത് 48 ഉം ഒന്‍പതാം വിക്കറ്റില്‍ ഇഷാന്ത് ശര്‍മ (5)യുമൊത്ത് 35 ഉം പത്താം വിക്കറ്റില്‍ ഉമേഷ് യാദവുമൊത്ത് (1*) 57 ഉം റണ്‍സ് കോഹ്‌ലി ചേര്‍ത്തു.

ഇംഗ്ലണ്ടിന് വേണ്ടി രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന കുറാന്‍ നാലുവിക്കറ്റുകള്‍ വീഴ്ത്തി. ആദില്‍ റഷീദ്, ബെന്‍ സ്റ്റോക്ക്‌സ്, ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

DONT MISS
Top