കുട്ടനാട്ടിലെ പ്രളയബാധിതര്‍ക്കായി പ്രത്യേക ആരോഗ്യ പദ്ധതി തയ്യാറാക്കുമെന്ന് കെകെ ശൈലജ

കെകെ ശൈലജ

ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയബാധിതര്‍ക്കായി പ്രത്യേക ആരോഗ്യ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വെള്ളം ഇറങ്ങുമ്പോള്‍ പകര്‍ച്ച വ്യാധികള്‍ പൊട്ടി പുറപ്പെടാനുള്ള സാധ്യത നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും മന്ത്രി പറഞ്ഞു. അതെ സമയം വെള്ളം വറ്റിക്കാത്ത പാട ശേഖര സമിതികളെ പിരിച്ചു വിടണമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കുട്ടനാട്ടിലെ പ്രളയക്കെടുതി സംബന്ധിച്ച് കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ആരോഗ്യ മന്ത്രി കെകെ ശൈലജ, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആലപ്പുഴ കളട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നത്. പ്രളയ ബാധിത പ്രദേശത്തു നേരിടുന്ന വെല്ലുവിളികള്‍ ജന പ്രതിനിധികളും ഉദ്യോസ്ഥരും യോഗത്തില്‍ വിശദീകരിച്ചു. എസി റോഡിലെ ഗതാഗത പ്രശ്‌നം, മഴക്കെടുതിയില്‍ നഷ്ടപരിഹാരം, പകര്‍ച്ച വ്യാധികള്‍, ആശുപത്രികളിലെ പ്രശ്‌നങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. എസി റോഡിലെ ഗതാഗതം രണ്ടു ദിവസത്തിനുള്ളില്‍ പുനരാരംഭിക്കുമെന്നു മന്ത്രി ജി സുധാകരന്‍ പറഞ്ഞു. റോഡിന്റെ അറ്റകുറ്റ പണികളും ഉടന്‍ തന്നെ പൂര്‍ത്തിയാക്കും. വെള്ളം പമ്പു ചെയ്യാത്ത പാട ശേഖരങ്ങള്‍ക്കു എതിരെ കര്‍ശന നടപടി സ്വീകരിക്കും.

അതേസമയം പ്രളയക്കെടുതി നേരിടുന്നതില്‍ കൃഷി, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയോ എന്ന് പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്ര ശേഖരനും യോഗത്തില്‍ വ്യകത്മാക്കി. ഈ മാസം അഞ്ചിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ വീണ്ടും അവലോകന യോഗം ചേരും.

DONT MISS
Top