പിഎസ് ശ്രീധരന്‍ പിള്ള ബിജെപി സംസ്ഥാനഅധ്യക്ഷനായി ചുമതലയേറ്റു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി പിഎസ് ശ്രീധരന്‍ പിള്ള ചുമതലയേറ്റു. തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ഉപഭാരവാഹികളായി പഴയ ടീം ശ്രീധരന്‍ പിള്ളയ്‌ക്കൊപ്പം തുടരുമോ എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. ആര്‍എസ്എസ് നേതൃത്വത്തിന്റെ നിലപാടാകും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക.

സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് വന്‍ വരവേല്‍പ്പാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. ചെണ്ടമേളത്തിന്റെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ കിരീടമണിയിച്ച് പുതിയ അധ്യക്ഷനെ സംസ്ഥാനകമ്മിറ്റി ഓഫീസിലേക്ക് അവര്‍ ആനയിച്ചു. ഉച്ചയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച. ഏല്‍പ്പിച്ച ഉത്തരവാദിത്വം വളരെ വലുതാണെന്നും എല്ലാവരെയും ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകുമെന്നും ശ്രീധരന്‍ പിള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തുടര്‍ന്ന് വൈകുന്നേരത്തോടെ സംസ്ഥാനകമ്മിറ്റി ഓഫീസിലെത്തി ചുമതല ഔദ്യോഗികമായി ഏറ്റെടുത്തു. എന്നാല്‍ രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്ന ശ്രീധരന്‍ പിള്ളയ്ക്ക് അഭിമുഖീകരിക്കേണ്ട പ്രതിസന്ധി ചെറുതല്ല. കടുത്ത വിഭാഗീയത നിലനില്‍ക്കുന്നതിനിടെ പഴയ ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരില്‍ ആരൊക്കെ ശ്രീധരന്‍ പിള്ളയുടെ ടീമില്‍ ഉണ്ടാകുമെന്നത് വ്യക്തമല്ല.

ആര്‍എസ്എസ് നേതൃത്വത്തിന്റെ കൂടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാകും പുതിയ ഭാരവാഹികളെ നിശ്ചയിക്കുക. ഇതിന് കേന്ദ്രനേതൃത്വത്തിന്റെ അനുമതിയും ആവശ്യമാണ്. അപ്രതീക്ഷിതമായി സ്ഥാനത്തേക്ക് ശ്രീധരന്‍ പിള്ളയെ കൊണ്ടുവന്നതില്‍ വി മുരളീധരവിഭാഗം പൂര്‍ണമായും നിരാശരാണ്. പികെ കൃഷ്ണദാസ് പക്ഷത്തിനും അധികം ആഹ്ലാദിക്കാന്‍ കാരണങ്ങളില്ല. ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് പാര്‍ട്ടിയില്‍ കൂടുതല്‍ പിടിമുറുക്കുമെന്നതും വ്യക്തമാണ്. ഇത്തരം പ്രതിസന്ധികള്‍ക്കിടെ എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകേണ്ടത് ശ്രീധരന്‍ പിള്ളയുടെ മാത്രം ഉത്തരവാദിത്വമായി മാറും.

DONT MISS
Top