ക്ഷേമ പെന്‍ഷനുകളില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുവാനെന്ന പേരില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു: രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകളില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുന്നുവെന്ന പേരില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്ത് ലക്ഷത്തോളം അനര്‍ഹരായ ആളുകള്‍ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നുണ്ടെന്നാണ് ധനകാര്യമന്ത്രി തോമസ് ഐസക് പറയുന്നത്. എന്നാല്‍ എങ്ങിനെയാണ് സര്‍ക്കാരിന് ഈ കണക്ക് ലഭിച്ചതെന്ന കാര്യം വ്യക്തമല്ല.

ഒരാള്‍ സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ പല തലങ്ങളില്‍ സൂഷ്മ പരിശോധന നടത്തിയാണ് പെന്‍ഷന്‍ അനുവദിക്കുന്നത്. എന്നാല്‍ അനര്‍ഹരെ കണ്ടുപിടിക്കുന്നതില്‍ എന്താണ് മാനദണ്ഡമെന്ന് ഇതുവരെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. അനര്‍ഹരെ ഒഴിവാക്കുന്നതിന് ആരും എതിരല്ല. എന്നാല്‍ സിപിഐഎം നിയോഗിക്കുന്നവര്‍ ഒരോ വീടുകളിലും ചെന്ന് രാഷ്ട്രീയ പരിഗണന മുന്‍ നിര്‍ത്തി അര്‍ഹരെയും അനര്‍ഹരെയും തിരുമാനിക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെ രാഷ്ടീയമായി തന്നെ നേരിടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അതാത് വാര്‍ഡുകളിലെ ജനപ്രതിനിധികള്‍, റവന്യു ഇന്‍സ്പക്ടര്‍, കോര്‍പ്പറേഷന്‍ – മുനിസിപ്പല്‍- പഞ്ചായത്ത് സെക്രട്ടറിമാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ എന്നിവയാണ് ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ അനര്‍ഹരായവരെ കണ്ടുപിടിക്കുന്ന രീതി വിചിത്രമാണ്. സിപിഐഎം കമ്മിറ്റികള്‍ നിയോഗിക്കുന്നയാളുകള്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനെന്ന വ്യാജേനെ ഓരോ വീടും കയറി ഇറങ്ങി തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവരുടെ പേരുകള്‍ കണ്ടെത്തി ഒഴിവാക്കാനുള്ള പട്ടികയില്‍ പെടുത്തുകയാണ് ചെയ്യുന്നത്. അപ്പോള്‍ സിപിഐഎമ്മിനു താല്‍പര്യമുള്ളവരും അവരുടെ കുടംബാംഗങ്ങളും അര്‍ഹരുടെയും പ്രാദേശികമായി സിപിഐഎമ്മിന് താല്‍പര്യമില്ലാത്തവര്‍ അനര്‍ഹരുടെ പട്ടികയിലും പെടും.

ക്ഷേമ പെന്‍ഷനുകളെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കാനുള്ള സിപിഐഎമ്മിന്റെ തന്ത്രമാണിതെന്ന് വ്യക്തമാവുകയാണ്. സിപിഐഎം അനുഭാവികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രം പെന്‍ഷന്‍ നല്‍കാനുള്ള ഈ നീക്കത്തെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി

DONT MISS
Top