വിഎം സുധീരന്‍ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവച്ചു. ഇമെയില്‍ വഴിയാണ് സുധീരന്‍ കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയിരിക്കുന്നത്.

ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവയ്ക്കുകയാണെന്നും ഇനി യുഡിഎഫ് നേതൃയോഗത്തിലേക്ക് ഇല്ലെന്നുമാണ് രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് രാജിക്കത്ത് കൈമാറിയത്. തനിക്ക് പകരം വേറൊരാളെ നിശ്ചയിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ രാജിവയ്ക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് കത്തില്‍ പറയുന്നില്ല.

കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുനല്‍കിയ സംഭവത്തില്‍ കെപിസിസി നേതൃത്വത്തിനെതിരെ സുധീരന്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതോടെ പാര്‍ട്ടി നേതൃത്വവുമായി മുമ്പില്ലാത്തവിധം സുധീരന്‍ ഇടഞ്ഞു. കെഎം മാണിക്കെതിരെയും സുധീരന്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് യുഡിഎഫ് യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു സുധീരന്‍. ഈ സാഹചര്യത്തിലാണ് രാജി എന്നതും ശ്രദ്ധേയമാണ്.

DONT MISS
Top