ആദ്യ ദിനത്തിലെ മേല്‍ക്കൈ തുടരാന്‍ ഇന്ത്യ ഇന്നിറങ്ങും

എഡ്ജ്ബാസ്റ്റണ്‍: സ്വന്തം നാട്ടില്‍ ചരിത്രടെസ്റ്റിനിറങ്ങിയ ഇംഗ്ലണ്ടിനെ പിടിച്ച് കെട്ടി ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ബൗളിംഗ് പട. ആദ്യ ടെസ്റ്റിന്റെ ആദ്യദിനം പൂര്‍ണമായും ഇന്ത്യ സ്വന്തമാക്കിയ കാഴ്ചയാണ് കണ്ടത്. 285 റണ്‍സിനിടെ ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമാക്കിയാണ് ഇംഗ്ലണ്ട് ആദ്യദിനം കളംവിട്ടരിക്കുന്നത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിനാണ് ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടിയത്.

ആയിരം ടെസ്റ്റ് കളിക്കുന്ന ആദ്യ രാജ്യമെന്ന സവിശേഷ ബഹുമതി സ്വന്തമാക്കിയ മത്സരത്തില്‍ ടോസിലെ ഭാഗ്യവും ഇംഗ്ലണ്ടിനൊപ്പം നിന്നു. ബാറ്റിംഗ് തെരഞ്ഞെടുത് റൂട്ടിന് ഭേദപ്പെട്ട തുടക്കവും ലഭിച്ചു. മികച്ച ചില പ്രകടനങ്ങളും ഉണ്ടായെങ്കിലും അവയൊന്നും മുതലാക്കാന്‍ കഴിയാഞ്ഞതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഒരു ഘട്ടത്തില്‍ മൂന്നിന് 216 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന് അവസാന ആറുവിക്കറ്റുകള്‍ വെറും 69 റണ്‍സിന് നഷ്ടമായി. അവസാന സെഷനില്‍ നടത്തിയ കണിശതയാര്‍ന്ന ബൗളിംഗാണ് ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കിയത്.


സ്‌കോര്‍ 26 ല്‍ നില്‍ക്കെ ആതിഥേയര്‍ക്ക് ഓപ്പണര്‍ കുക്കിനെ (13) നഷ്ടമായി. ഏഴാമത്തെ ഓവറില്‍ത്തന്നെ വജ്രായുധമായ അശ്വിനെ ഇറക്കിയ കോഹ്‌ലിയുടെ തന്ത്രത്തിന്റെ വിജയമായിരുന്നു വിക്കറ്റ്. തന്റെ രണ്ടാമത്തെ ഓവറില്‍ കുക്കിന്റെ ഓഫ് സ്റ്റംപ് പിഴുത് അശ്വിന്‍ ക്യാപ്റ്റന്റെ തീരുമാനം ശരിയെന്ന് തെളിയിച്ചു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കീറ്റണ്‍ ജെന്നിംഗ്‌സ് (42), ക്യാപ്റ്റന്‍ ജോ റൂട്ട് (80) എന്നിവര്‍ ചെറുത്ത് നിന്നു. ഇരുവരും 76 റണ്‍സ് ചേര്‍ത്തു. ജെന്നിംഗ്‌സിനെ പുറത്താക്കി ഷമിയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ഡേവിഡ് മലാനെയും (8) മടക്കി ഷമി ആഞ്ഞടിച്ചു. പക്ഷെ ബെയര്‍‌സ്റ്റോയെ (70) കൂകൂട്ടുപിടിച്ച റൂട്ട് ഇന്ത്യയെ നിരാശരാക്കി. നാലാം വിക്കറ്റില്‍ 104 ചേര്‍ന്ന ശേഷമാണ് റൂട്ട് പുറത്തായത്. കോഹ്‌ലിയുടെ മനോഹരമായ ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു റൂട്ട്. പിന്നീട് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിന് പിറകെ ഒന്നായി മടങ്ങുന്ന കാഴ്ചയാണ് കണ്ടത്. 24 റണ്‍സോടെ സാം കുറാനും റണ്ണൊന്നുമെടുക്കാതെ ആന്‍ഡേഴ്‌സണുമാണ് ക്രീസില്‍.

ഇന്ന് എത്രയും വേഗം ഇംഗ്ലണ്ടിനെ പുറത്താക്കി ബാറ്റിംഗ് ആരംഭിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. ഇനി ബാറ്റ്‌സ്മാന്‍മാരുടെ കൈയിലാണ് ഇന്ത്യയുടെ ഭാവി. അവര്‍ പരാജയപ്പെട്ടാല്‍ ബൗളര്‍മാര്‍ നടത്തിയ കഠിനാധ്വാനം വെറുതെയാവും. മറിച്ച് ആദ്യ ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ കുറിക്കാനായാല്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കി വിജയത്തിലേക്ക് നീങ്ങാനും ഇന്ത്യയ്ക്കാവും.

DONT MISS
Top