എസ് ഹരീഷിന്റെ നോവല്‍ മീശ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി

ദില്ലി: എസ് ഹരീഷിന്റെ നോവല്‍ മീശ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി.  ദില്ലിയില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന മലയാളി രാധാകൃഷ്ണന്‍ വരേണിക്കലാണ് സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. മീശ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപതിപ്പിന്റെ കോപ്പികള്‍ പിടിച്ചെടുക്കാനും ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത് തടയുകയും ചെയ്യണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് ഭീഷണി ആകുന്ന ഇത്തരം സൃഷ്ടികള്‍ തടയുന്നതിന് ഉള്ള മാര്‍ഗ്ഗ രേഖകള്‍ ഉണ്ടാക്കണം എന്നും ഹര്‍ജിയില്‍ അവശ്യപെട്ടിട്ടുണ്ട് .

നോവലില്‍ സ്ത്രീത്വത്തെ മുഴുവനായും അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ തെറ്റായി നോവലില്‍ ചിത്രീകരിചിരിക്കുന്നു. ലൈംഗീക ഉപകരണം ആയാണ് സ്ത്രീയെ വിശേഷിപ്പിക്കുന്നത്. ബ്രാഹ്മണര്‍ക്ക് എതിരെ നോവലില്‍ ഉള്ള ചില പരാമശങ്ങള്‍ വംശീയ അധിക്ഷേപം ആണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം പ്രകടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട പൊതു തത്വങ്ങളുടെ ലംഘനമാണ് ഈ പരാമര്‍ശങ്ങള്‍ എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഹിന്ദു മത വിശ്വാസികളുടെ വികാരം വ്രണപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ മാപ്പ് അര്‍ഹിക്കാത്ത നിസ്സംഗത തുടരുകയാണ്. ഭൂരിപക്ഷ സമുദായത്തിന്റെയും ന്യൂനപക്ഷ സമുദായത്തിന്റെയും മത വികാരങ്ങളില്‍ സര്‍ക്കാര്‍ വേര്‍തിരിവ് കാണുന്നു. ജനാധിപത്യ പരമായി തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഹിന്ദു മതത്തിലെ വിശ്വാസങ്ങളെയും ആചാരങ്ങളെയും വിമര്‍ശിക്കുന്നവരെയും പരിഹസിക്കുന്നവരെയും രാഷ്ട്രീയ ലാഭവും ലക്ഷ്യവും വച്ച് പ്രോത്സാഹിപ്പിക്കുന്നത് വേദനിപ്പിക്കുന്നു എന്നും ഹര്‍ജിയില്‍ ചൂണ്ടി കാട്ടിയിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രീണന നയം കാരണം ഇന്ത്യയില്‍ ചാര്‍ളി ഹെബ്ദോയ്ക്ക് എതിരെ ഉയര്‍ന്നത് പോലുള്ള പ്രതിഷേധം താമസിയാതെ തന്നെ ഉയരും എന്ന് ഹര്‍ജിയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സല്‍മാന്‍ റുഷ്ദിയുടെയും തസ്‌ലീമ നസ്രീന്റെയും പുസ്തകങ്ങള്‍ നിരോധിക്കുകയും അവര്‍ പങ്കെടുക്കുന്ന സാഹിത്യ ഉത്സവങ്ങള്‍ വിലക്കുകയും ചെയ്യണം എന്ന് ആവശ്യപ്പെടുന്ന ചില രാഷ്ട്രീയക്കാര്‍ എന്നാല്‍ മീശ നോവല്‍ എഴുതിയ എഴുത്തുകാര്‍ക്ക് പിന്തുണയും ആയി രംഗത്ത് എത്തി. സമാധാന പ്രിയരായ ഹിന്ദുമത വിശ്വാസികളുടെ വികാരം നിന്ദിക്കാന്‍ മാത്രമേ ഇത് വഴി വച്ചുള്ളു എന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട് . അഭിമാനിയായ ഹിന്ദു എന്നാണ് ഹര്‍ജിയില്‍ രാധാകൃഷ്ണന്‍ വരേണിക്കലിനെ വിശേഷിപ്പിചിരിക്കുന്നത് . മറ്റ് പോംവഴി ഇല്ലാത്തതിനാല്‍ ആണ് നേരിട്ട് സുപ്രിം കോടതിയെ സമീപിക്കുന്നത് എന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട് . അഭിഭാഷക ഉഷ നന്ദിനി മുഖേന ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത് .

DONT MISS
Top