ഫ്രാങ്കോ മുളയ്ക്കലിനെ പീഡനം നടന്ന കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിച്ചിട്ടുണ്ടെന്ന് ഡ്രൈവറുടെ മൊഴി

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പീഡനം നടന്ന കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിച്ചിട്ടുണ്ടെന്ന് ബിഷപ്പിന്റെ ഡ്രൈവറുടെ മൊഴി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിഎംഐ വൈദികനെതിരെ കന്യാസ്ത്രീയുടെ സുഹൃത്ത് മൊഴി നല്‍കി. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഡിജിപിയുടെ നേതൃത്വത്തില്‍ നാളെ കോട്ടയത്ത് യോഗം ചേരും.

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന മൊഴിയാണ് ഗൂഡല്ലൂര്‍ സ്വദേശിയായ ഡ്രൈവര്‍ നാസര്‍ അന്വേഷണസംഘത്തിന് നല്‍കിയത്. ബിഷപ്പ് പലതവണ മഠത്തില്‍ എത്തിയിരുന്നു. താനാണ് വാഹനത്തില്‍ ബിഷപ്പിനെ മഠത്തില്‍ എത്തിച്ചതെന്നും നാസര്‍ മൊഴി നല്‍കി. അതിനിടെ വാഹനം വിട്ടുനല്‍കിയ ബിഷപ്പിന്റെ സഹോദരന്‍ ഫിലിപ്പിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ബിഷപ്പ് കുറവിലങ്ങാട്ടെ മഠത്തിലേക്ക് എത്തിയിരുന്ന കാറും സഹോദരന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കി.

അതിനിടെ പത്ത് ഏക്കര്‍ സ്ഥലവും മഠവും സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച കേസില്‍ സിഎംഐ സഭ വൈദികന്‍ ജെയിംസ് ഏര്‍ത്തയിലിനെതിരെ കന്യാസ്ത്രീ മൊഴി നല്‍കി. പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനാണ് വൈദികന്‍ ശ്രമിച്ചതെന്നാണ് മൊഴി. കന്യാസ്ത്രീയുടെ മൊബൈല്‍ തെളിവായി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വൈദികനെ കണ്ടെത്തുന്നതിനായി അന്വേഷണസംഘം കുര്യനാട് ആശ്രമത്തിലെത്തി.

ഫോണ്‍ സംഭാഷണം തെളിവായ സാഹചര്യത്തില്‍ ജെയിംസ് ഏര്‍ത്തയിലിന്റെ ശബ്ദ പരിശോധന നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കേസിനെക്കുറിച്ച് വിശകലനം ചെയ്യാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നാളെ കോട്ടയത്ത് എത്തും. ഡിജിപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആയിരിക്കും ജലന്തര്‍ യാത്രയുടെ കാര്യത്തില്‍ അന്വേഷണസംഘം അന്തിമ തീരുമാനം എടുക്കുക.

DONT MISS
Top