ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായുള്ള ‘ആദ്യാമൃതം’ ക്യാംപയിന് തുടക്കമായി

തിരുവനന്തപുരം: പൊതുജനങ്ങളില്‍ പ്രത്യേകിച്ച് അമ്മമാരിലും, അമ്മമാരാകാന്‍ പോകുന്നവരിലും മുലയൂട്ടലിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ‘ആദ്യാമൃതം’ ക്യാംപയിന് തുടക്കമായി.

മുലയൂട്ടലിന്റെ പ്രാധാന്യം വിളിച്ചോതുന്ന മെഗാ സോഷ്യല്‍ മീഡിയ ക്യാംപയിന്‍ ആഗസ്ത് ഒന്നിനാണ് തുടക്കം കുറിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ഫെയ്‌സ്ബുക്ക്, വാട്സ് ആപ്, ട്വിറ്റര്‍ എന്നിവയിലൂടെ വീഡിയോ, ഓഡിയോ സന്ദേശം 10 ലക്ഷത്തോളം പേരിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.

ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നീ ഗ്രൂപ്പുകളെ ലക്ഷ്യം വച്ചാണ് ഈ ക്യാംപയിന്‍. 71,500ത്തോളം വരുന്ന അംഗന്‍വാടി ജീവനക്കാരിലൂടെയാണ് സന്ദേശം ഈ ഗ്രൂപ്പുകളിലെത്തിക്കുന്നത്. മൂന്ന് വര്‍ഷം തുടര്‍ച്ചയായി വീഡിയോ, ഓഡിയോ, പോസ്റ്റര്‍ തുടങ്ങി വിവിധങ്ങളായ സന്ദേശം എത്തിക്കുന്നു. ഇതോടൊപ്പം എന്‍എച്ച്എമ്മിന്റെ അവബോധ പോസ്റ്ററുകളും വിതരണം ചെയ്യും.

സാക്ഷര സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ പോലും, ജനിച്ച് ആദ്യമണിക്കൂറിനുള്ളില്‍ മുലപ്പാല്‍ കൊടുക്കുന്ന അമ്മമാരുടെ എണ്ണം നാഷണല്‍ ഫാമിലി റിപ്പോര്‍ട്ട് അനുസരിച്ച് കേവലം 53 ശതമാനം മാത്രമാണ്. ഏറ്റവും കുറഞ്ഞത് ആറ് മാസം മുലയൂട്ടുക. കഴിയുമെങ്കില്‍ മുലയൂട്ടല്‍ രണ്ട് വര്‍ഷം വരെ തുടരുക എന്നതിലും കേരളം പിന്നാക്കം നില്‍ക്കുകയാണ്. ഗര്‍ഭകാലത്ത് തന്നെ മുലയൂട്ടുന്നതിന് ആവശ്യമായ പ്രത്യേക പരിചരണത്തിന് പ്രാധാന്യം നല്‍കുകയും കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അമ്മമാര്‍ നിര്‍ബന്ധമായും മുലയൂട്ടുകയും വേണം.

വാരാചരണത്തിന്റെ ഭാഗമായി ഈ ഒരാഴ്ച കാലം എല്ലാ ബസ് സ്റ്റാന്റുകളിലും പൊതുസ്ഥലങ്ങളിലും അമ്മമാര്‍ക്ക് മുലയൂട്ടാന്‍ ആവശ്യമായ താത്കാലിക റൂം ഒരുക്കിക്കൊടുക്കണം. പല സ്ഥലങ്ങളിലും സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ഇത് സ്ഥാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അമ്മമാര്‍ക്ക് സ്വസ്ഥമായി മുലയൂട്ടാനുള്ള സൗകര്യമൊരുക്കുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top