ഓർത്തഡോക്സ് വൈദികർ ഉൾപ്പെട്ട ബലാത്സംഗ കേസ്: ഇരയായ യുവതിയും സുപ്രിം കോടതിയെ സമീപിച്ചു, യുവതിയുടെ രഹസ്യമൊഴിയും പരാതിയും തമ്മിൽ പൊരുത്തക്കേടില്ലെന്ന് സംസ്ഥാനം

ദില്ലി: ഓര്‍ത്തഡോക്‌സ് വൈദികര്‍ ഉള്‍പ്പെട്ട ബലാത്സംഗ കേസില്‍ ഇരയായ യുവതിയും സുപ്രിം കോടതിയെ സമീപിച്ചു. കേസിൽ ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസ്, നാലാം പ്രതി ഫാദർ ജെയിസ് കെ ജോർജ് എന്നിവർ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിൽ സുപ്രിം കോടതിയിൽ രഹസ്യ വാദം പൂർത്തിയായിരുന്നു. അന്വേഷണ സംഘത്തോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിനിടയിലാണ് യുവതി കേസിൽ കക്ഷി ചേരാൻ അഭിഭാഷകൻ ബോബി അഗസ്റ്റിൻ മുഖാന്തരം സുപ്രിം കോടതിയിൽ അപേക്ഷ നൽകിയത്.

സുപ്രിം കോടതി നിര്‍ദ്ദേശിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്‍ സുപ്രിം കോടതിയില്‍ സമർപ്പിച്ചു. ഇത് വരെ നടന്ന അന്വേഷണത്തിൽ ഇരയായ യുവതിയെ സംശയിക്കേണ്ട വസ്തുതകൾ ഒന്നും കണ്ടെത്തിയിട്ടില്ല എന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. യുവതി മജിസ്‌ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യമൊഴിയും പരാതിയും തമ്മിൽ പൊരുത്തക്കേടില്ല. വൈദ്യപരിശോധന നടത്തിയതിൽ യുവതിയുടെ പരാതി ശരി ആണെന്ന് കണ്ടെത്തിയതായും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഉഭയസമ്മതത്തോടെ ഉള്ള ലൈംഗിക ബന്ധം ആണെന്ന് തെളിയിക്കാൻ പ്രതികൾ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ഒപ്പം സുപ്രിം കോടതിയില്‍ ഹാജരാക്കിയ യുവതിയുടെ സത്യവാങ്മൂലത്തെക്കുറിച്ച് അന്വേഷണ സംഘത്തലവന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഇങ്ങനെ, ‘പീഡനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഭര്‍ത്താവിനോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഭാര്യ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയി. ഭാര്യ ആത്മഹത്യ ചെയ്യുമോ എന്ന് ഭര്‍ത്താവ് ആശങ്കപ്പെട്ടു. ഇതേ തുടര്‍ന്ന് എല്ലാ കാര്യങ്ങളും ഭര്‍ത്താവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എഴുതി നല്‍കുകയായിരുന്നു. ഈ രേഖ പള്ളി അധികാരികള്‍ക്ക് കൈമാറി. പള്ളി അധികാരികള്‍ക്ക് പരാതിയും രേഖയും കൈമാറിയതോടെ എല്ലാ തരത്തിലുമുള്ള മാനസിക പീഡനങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വന്നു’.

ഇരയായ യുവതിയെ അപമാനിക്കാൻ പ്രതികൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുക ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗം ആയി ഒന്നാം പ്രതിയുടെ അടുപ്പക്കാരൻ യുടൂബിൽ ഇട്ട വീഡിയോ പിന്നീട് നീക്കം ചെയ്തു. എന്നാൽ യുവതിയുടെ രക്തബന്ധുക്കളെ പോലും അപമാനിക്കാൻ ഉള്ള ശ്രമം ഈ വിഡീയോയിലൂടെ നടന്നു.

വൈദികർ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച മൊബൈൽ ഫോണ്‍ പിടിച്ചെടുത്തു ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. മുൻകൂർ ജാമ്യം ലഭിച്ചാൽ സഭയിലെ സ്വാധീനം ഉപയോഗിച്ചു പ്രതികൾ തെളിവ് നശിപ്പിക്കാനുള്ള സാധ്യതയുണ്ട് എന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ വാദത്തെ ഇരയായ യുവതിയുടെ അഭിഭാഷകർ സുപ്രീം കോടതിയിൽ പിന്തുണയ്ക്കും എന്നാണ് സൂചന.

കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസ് ആയതിനാൽ ഇരയുടെയും പ്രതികളുടെയും സ്വകാര്യതയും നിയമപരമായ അവകാശങ്ങളും അംഗീകരിക്കുന്നതിനാൽ ഈ കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ വാർത്തയിൽ ഉൾക്കൊള്ളിച്ചിട്ടില്ല.

DONT MISS
Top