‘ജസ്റ്റിസ് ലോയ കേസില്‍ ഇനി അന്വേഷണം വേണ്ട’; പുനപരിശോധനാ ഹര്‍ജിയും സുപ്രിംകോടതി തള്ളി

ദില്ലി: സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പുനപരിശോധനാ ഹര്‍ജിയും സുപ്രിം കോടതി തള്ളി. കോടതി നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പുനപരിശോധനാ ഹര്‍ജി തള്ളിയത്. ലോയ കേസില്‍ സുപ്രിം കോടതി നേരത്തെ പുറപ്പെടുവിച്ച വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ലോയേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് ലോയയുടേത് സ്വാഭാവിക മരണമാണെന്നും കേസില്‍ ഇനി അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി ആവര്‍ത്തിച്ചു.

ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര ഏജന്‍സിയുടെ തുടര്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാധ്യമ പ്രവര്‍ത്തകനായ ബന്ധുരാജ് സാംബാജി ലോണും കോണ്‍ഗ്രസ് നേതാവ് തെഹ്സീന്‍ പൂനവാലയും സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു നേരത്തെ സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത്. കേസിലെ രേഖകളെല്ലാം തങ്ങള്‍ പരിശോധിച്ചതാണന്നും മരണം സ്വാഭാവികമായി സംഭവിച്ചതാണന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹ നീക്കുകയല്ല ഹര്‍ജിക്കാരുടെ ലക്ഷ്യമെന്നും മറിച്ച് ജുഡീഷ്യറിയെ താറടിക്കുകയാണ് ഉദ്ദേശമെന്നും ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റീസ് വൈബി ചന്ദ്രചൂഢ് പറഞ്ഞു. ഹര്‍ജിക്കാര്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഈ ഹര്‍ജി കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുതാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവര്‍ പ്രതികളായ സൊഹ്റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ നടത്തുന്ന കാലയളവില്‍ 2014 ഡിസംബര്‍ ഒന്നിനാണ് നാഗ്പൂരില്‍ ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണമടയുന്നത്. അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഡ്ജിയെ നാഗ്പ്പൂരിലെ ഗസ്റ്റ് ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ലോയയുടെ സഹോദരി പിന്നീട് നടത്തിയ വെളിപ്പെടുത്തലാണ് ലോയയുടെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ചത്.

കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പ്രസ്താവിക്കാന്‍ ലോയയ്ക്ക് മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായാണ് സഹോദരി അനുരാധ ബിയാനി വെളിപ്പെടുത്തിയത്. ലോയ വാഗ്ദാനം നിരസിച്ച് ഒരു മാസത്തിന് ശേഷം മരണപ്പെടുകയായിരുന്നെന്നും അനുരാധ പറഞ്ഞു. തുടര്‍ന്നാണ് മരണത്തില്‍ അന്വേഷണ ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടത്.

DONT MISS
Top