ചേലാകര്‍മത്തെയും സുന്നത്തിനെയും ഒരുപോലെ കാണാനാവില്ലെന്ന് സുപ്രിംകോടതി

സുപ്രിം കോടതി

ദില്ലി: ചേലാകര്‍മത്തെയും സുന്നത്തിനെയും ഒരുപോലെ കാണാനാവില്ലെന്ന് സുപ്രിംകോടതി. സുന്നത്ത് ആശുപത്രികളിലാണ് നടത്തുന്നതെന്നും ഇതിന് ശാസ്ത്രീയ ഗുണങ്ങളുണ്ടെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. സുന്നത്ത് അനുവദിക്കുമ്പോള്‍ ചേലാകര്‍മം നിരോധിക്കാനാവില്ലെന്ന് ദാവൂദി ബോറ സമുദായം വാദിച്ചു. ചേലാകര്‍മം നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ അടുത്ത ആഴ്ച വാദം തുടരും.

ചേലാകര്‍മവും ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവും ഒരേ പോലെ കാണണമെന്ന് ദാവൂദി ബോറ സമുദായത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേഖ് സിംഗ്‌വി വാദിച്ചു. രണ്ടും വര്‍ഷങ്ങളായി പിന്തുടരുന്ന ആചാരങ്ങളുടെ ഭാഗമാണ്. സുന്നത്തു നടത്താന്‍ പുരുഷന്മാരെ അനുവദിക്കുമ്പോള്‍ ചേലാകര്‍മ്മം നടത്തുന്നത് എങ്ങനെ വിലക്കാന്‍ കഴിയുമെന്നും സിംഗ്‌വി ചോദിച്ചു.

എന്നാല്‍ ചേലാകര്‍മ്മം പ്രാകൃതമായ രീതിയിലാണ് നടക്കുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ചേലാകാര്‍മം നടത്തുന്നത് ഡോക്ടര്‍ അല്ല. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ അമ്മ അല്ലാത്ത മറ്റൊരാള്‍ തൊടുന്നു. ആശുപത്രിയില്‍ അല്ല നടക്കുന്നത്. അനസ്തേഷ്യ നല്‍കുന്നില്ല. വേദന കാരണം കുട്ടികള്‍ ബഹളം വെക്കുമ്പോള്‍ ബലപ്രയോഗം നടത്തുമെന്ന കാര്യം ഉറപ്പാണ്. കുട്ടി കടന്നുപോകുന്ന മാനസികാവസ്ഥ ഭയാനകമായിരിക്കുമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ഡോക്ടറുടെ സാന്നിധ്യത്തില്‍ ചേലാകര്‍മ്മം ചെയ്യുമെന്ന് കോടതിക്ക് ഉറപ്പു നല്‍കാന്‍ തയ്യാറാണെന്ന് സിംഗ്‌വി മറുപടി നല്‍കി. എന്നാല്‍ ചേലാകര്‍മ്മം ചെയ്യാന്‍ ഒരു ഡോക്ടറും തയ്യാറാവില്ലെന്നായിരുന്നു ഈ വാദത്തിന് ജസ്റ്റിസ് ചന്ദ്രചൂഡ് നല്‍കിയ മറുപടി. മതപരമായ പരിശുദ്ധിക്കുവേണ്ടിയാണ് ചേലാകര്‍മ്മം ചെയ്യുന്നതെന്നാണ് ദാവൂദി ബോറ സമുദായത്തിന്റെ വാദം.

DONT MISS
Top