ഭീകരപ്രവര്‍ത്തനത്തെക്കാളും വലിയ കുറ്റമാണ് പശുക്കളെ കശാപ്പ് ചെയ്യുന്നത്; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ഗ്യാന്‍ ദേവ് അഹൂജ

ജയ്പൂര്‍: ഭീകരപ്രവര്‍ത്തനത്തെക്കാളും വലിയ കുറ്റമാണ് പശുക്കളെ കശാപ്പ് ചെയ്യുന്നതെന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ.  അല്‍വാറിലെ രാംഗറിലെ എംഎല്‍എയാണ് അഹൂജ. പശുക്കടത്ത് ആരോപിച്ച് അല്‍വാറില്‍ അക്ബര്‍ ഖാന്‍ എന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കവെയാണ് അഹൂജ വിവാദ പരാമര്‍ശം നടത്തിയത്.

പശുക്കളെ കാശാപ്പ് ചെയ്യുന്നത് ഭീകരപ്രവര്‍ത്തനത്തേക്കാളും വലിയ കുറ്റമാണ്. പശുക്കളെ മാതാവായാണ് ഇന്ത്യയില്‍ കരുതുന്നത്. അതിനാല്‍ പശുക്കളോടുള്ള മോശമായ പെരുമാറ്റത്തോട് ക്ഷമിക്കാന്‍ സാധിക്കില്ലെന്നും അഹൂജ പറഞ്ഞു.

രാജ്യത്ത് പശുക്കടത്ത് ആരോപിച്ച് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ അനുകൂലിച്ച് അഹൂജ ഞായറാഴ്ചയും രംഗത്തെത്തിയിരുന്നു. പശുക്കടത്ത് നടത്തുന്നവരെ കയ്യില്‍ കിട്ടിയാല്‍ അവര്‍ക്ക് തല്ല് നല്‍കി രക്ഷപ്പെടാതിരിക്കാന്‍ മരത്തില്‍ കെട്ടിയിട്ട് പൊലീസിനെ വിളിക്കണം എന്നാണ്  പറഞ്ഞിത്. എന്നാല്‍ പിന്നീട് പശുക്കടത്ത് നടത്തുന്നവരെ ഒരുപാട് മര്‍ദ്ദിക്കരുത് എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അഹൂജ പറഞ്ഞിരുന്നു.

അല്‍വാറില്‍ അക്ബര്‍ ഖാന്‍ എന്ന യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ പരാമര്‍ശവുമായി ബിജെപിയുടെ നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പശുവിനെ രാഷ്ട്രമാതാവാക്കുന്നതുവരെ രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുമെന്നാണ് തെലുങ്കാനയിലെ ബിജെപി എംഎല്‍എ ടി രാജ സിംഗ് പറഞ്ഞത്. ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും അവസാനിക്കും എന്നതായിരുന്നു ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന.

DONT MISS
Top