പ്രഥമ വനിതാ പൊലീസ് ബറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡ് നാളെ

തിരുവനന്തപുരം: കേരള പൊലീസിന്റെ ആദ്യ വനിതാ പൊലീസ് ബറ്റാലിയന്‍ യാഥാര്‍ഥ്യത്തിലേക്ക്. പ്രഥമ വനിതാ ബറ്റാലിയന്‍ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ചൊവ്വാഴ്ച രാവിലെ 7.30ന് കേരള പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാ ബറ്റാലിയന്റെ അഭിവാദ്യം സ്വീകരിക്കും.

2017ലാണ് തിരുവനന്തപുരം ആസ്ഥാനമായി ഒരു വനിതാ പൊലീസ് ബറ്റാലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. റിക്രൂട്ട്‌മെന്റ് നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി 2017 സെപ്തംബര്‍ 17 ന് വനിതാ ബറ്റാലിയന്റെ പരിശീലനം തൃശ്ശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ ആരംഭിച്ചു. ആകെ 578 വനിതാ പൊലീസ് സേനാംഗങ്ങളാണ് ഇപ്പോള്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. അവരില്‍ 44 പേര്‍ കമാന്‍ഡോ പരിശീലനം നേടിയിട്ടുള്ളവരാണ്.

അടിസ്ഥാന പരിശീലനത്തിന് പുറമേ കളരി, യോഗ, കരാട്ടേ, നീന്തല്‍, ഡ്രൈവിങ്, കംപ്യൂട്ടര്‍, സോഫ്റ്റ് സ്‌കില്ലുകള്‍, ഫയറിംഗ്, ആയുധങ്ങള്‍, വനത്തിനുള്ളിലെ പരിശീലനം, സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യല്‍, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളില്‍ സംഘത്തിന് പരിശീലനം നല്‍കിയിട്ടുണ്ട്. വ്യക്തിത്വവികാസത്തിന് ഐക്യരാഷ്ട്ര സഭയുടെ വിമന്‍ ട്രെയിനിങ് സെന്റര്‍ ഇ-ലേണിങ് ക്യാമ്പസില്‍ നിന്നും ‘ഐ നോ ജന്‍ഡര്‍ – 1,2,3’ മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളവരാണ് ഈ സേനാംഗങ്ങള്‍.

കമാന്‍ഡോ വിംഗിന് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെയും തണ്ടര്‍ ബോള്‍ട്ടിന്റെയും പരിശീലനം ലഭ്യമാക്കി. പൊലീസ് സേനയില്‍ വനിതകളുടെ പ്രാതിനിധ്യം 25 ശതമാനമാക്കി ഉയര്‍ത്തുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് വനിതാ ബറ്റാലിയന് രൂപം നല്‍കിയത്. കൂടുതല്‍ വനിതകളെ പൊലീസ് സേനയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

DONT MISS
Top