പിഎസ് ശ്രീധരന്‍ പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: പിഎസ് ശ്രീധരന്‍ പിള്ളയെ ബിജെപി സംസ്ഥാനഅധ്യക്ഷനായി നിയമിച്ചു. രണ്ടാം തവണയാണ് ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തുന്നത്. കുമ്മനം രാജശേഖരന്‍ മിസ്സോറാം ഗവര്‍ണറായി പോയതിനേത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ശ്രീധരന്‍ പിള്ളയെ നിയമിച്ചത്. ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പദവി ഏറ്റെടുക്കാന്‍ ശ്രീധരന്‍ പിള്ള സന്നദ്ധത അറിയിച്ചിരുന്നു. അതേസമയം, കുമ്മനം രാജശേഖരനെ രാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ദേശീയ നേതൃത്വത്തോട് ആര്‍എസ്എസ് ആവശ്യപ്പെട്ടതായും സൂചനകളുണ്ട്.

കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരണമെന്ന മുരളീധരവിഭാഗത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രനേതൃത്വം പിഎസ് ശ്രീധരന്‍ പിള്ളയെ ചുമതലയേല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിന്നുള്ള ബിജെപി നേതാക്കളും ആര്‍എസ്എസും കേന്ദ്രനേതൃത്വം മുമ്പോട്ടു വെച്ച ഒത്തുതീര്‍പ്പ് ഫോര്‍മുല അംഗീകരിച്ചതോടെ ശ്രീധരന്‍ പിള്ളയ്ക്ക് നറുക്ക് വീഴുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ശ്രീധരന്‍ പിള്ള പദവി വഹിക്കണമെന്നാണ് ആര്‍എസ്എസ് താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ നിലവില്‍ മിസോറാം ഗവര്‍ണറായി ചുമതലയേറ്റ കുമ്മനം രാജശേഖരനെ തിരിച്ച് രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരണമെന്ന ആവശ്യം അവര്‍ ശക്തമാക്കിയിട്ടുണ്ട്.

ആര്‍എസ്എസ് നോമിനിയായി പ്രസിഡന്റ് പദവിയിലെത്തിയ കുമ്മനത്തെ അപ്രതീക്ഷിതമായി സ്ഥാനത്തു നിന്നു മാറ്റിയതില്‍ സംഘടനയ്ക്കുള്ളില്‍ ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അമിത് ഷാ അടക്കമുള്ള നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്ന വി മുരളീധരന്‍ തന്റെ ഇഷ്ടക്കാരനായ കെ സുരേന്ദ്രനെ സ്ഥാനത്തേയ്ക്ക് കൊണ്ടുവരാനാണ് ഈ നീക്കം നടത്തിയതെന്നാണ് അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയം. കെ സുരേന്ദ്രന്‍ പുതിയ പ്രസിഡന്റാകുമെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ ഇതിനെതിരെ ശക്തമായ നിലപാടുമായി ആര്‍എസ്എസ് രംഗത്ത് വന്നതാണ് നടപടി ഇഴഞ്ഞു നീങ്ങാന്‍ കാരണമായത്. പികെ കൃഷ്ണദാസ് നേതൃത്വം നല്‍കുന്ന മറുവിഭാഗം കൂടി എതിര്‍പ്പുമായി രംഗത്ത് വന്നതോടെ സുരേന്ദ്രന്റെ പ്രതീക്ഷകള്‍ അസ്ഥാനത്തായി.

രണ്ടു ദിവസത്തിനകം ശ്രീധരന്‍ പിള്ളയെ പ്രസിഡന്റായി അമിത് ഷാ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇതിനുള്ള സന്നദ്ധത ശ്രീധരന്‍ പിള്ള നേതാക്കളെ അറിയിക്കുകയും ചെയ്തു കഴിഞ്ഞു. സാമുദായിക നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്ന ശ്രീധരന്‍ പിള്ളയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. മറ്റു നേതാക്കളില്‍ നിന്നു വ്യത്യസ്തമായ ജനകീയ നിലപാടുകളും തെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനങ്ങളുമൊക്കെ ശ്രീധരന്‍ പിള്ളയ്ക്ക് തുണയായി. ഇത് രണ്ടാം തവണയാണ് ശ്രീധരന്‍ പിള്ള സംസ്ഥാനഅധ്യക്ഷ പദവിയിലേക്കെത്തുന്നത്. നീണ്ട രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അധ്യക്ഷസ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്താന്‍ ബിജെപിക്ക് കഴിഞ്ഞത്.

DONT MISS
Top