പെരുമ്പാവൂരില്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവം: പ്രതി കുറ്റം സമ്മതിച്ചു

ഇന്‍സൈറ്റില്‍ കൊല്ലപ്പെട്ട നിമിഷ

പെരുമ്പാവൂര്‍: വാഴക്കുളത്ത് കോളെജ് വിദ്യാര്‍ത്ഥിനി നിമിഷയെ വീട്ടില്‍ക്കയറി കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. പശ്ചിമബംഗാള്‍ സ്വദേശി ബിജുവാണ് പൊലീസ് പിടിയിലായിരിക്കുന്നത്. നിമിഷയുടെ മുത്തശ്ശിയുടെ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം ചെറുത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കി. വാഴക്കുളം എംഇഎസ് കോളെജ് വിദ്യാര്‍ത്ഥിനിയാണ് നിമിഷ.

ഇന്ന് രാവിലെ എട്ടരയോടെയാണ് വാഴക്കുളം ഇടത്തിക്കാട് അന്തിനാട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷ അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ഏറെനാളായി നിമിഷയുടെ വീടിനടുത്താണ് ഇയാള്‍ താമസിക്കുന്നത്. രാവിലെ വീട്ടില്‍ അതിക്രമിച്ച് കടന്ന ബിജു നിമിഷയുടെ മുത്തശ്ശിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. ഇത് തടഞ്ഞപ്പോള്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ബിജു നിമിഷയുടെ കഴുത്ത് മുറിക്കുകയായിരുന്നു. അക്രമത്തില്‍ നിമിഷയുടെ അച്ഛന്റെ സഹോദരനും കുത്തേറ്റു.

അക്രമത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടിയത്. ബഹളം കേട്ട് ഓടിയെത്തിയ ലോഡിംഗ് തൊഴിലാളികള്‍ ഉടന്‍ തന്നെ നിമിഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്തത്തില്‍ കുളിച്ച നിലയായിരുന്നു നിമിഷയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തി നിമിഷങ്ങള്‍ക്കകം മരണം സംഭവിച്ചു.

ആലുവ റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്യുകയാണ്. പ്രതി ലഹരിമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

DONT MISS
Top