ലാലിഗ സീസണിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ റയലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഏറ്റുമുട്ടും

സ്പാനിഷ് സീസണിന് മുന്നോടിയായുള്ള തയ്യാറെടുപ്പു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാളെ റയല്‍ മാഡ്രിഡിനെ നേരിടും. ലോകകപ്പില്‍ പങ്കെടുത്ത ചില താരങ്ങള്‍ ഇല്ലാതെയാണ് ഇരു ടീമുകളും കളത്തിലിറങ്ങുക. യുവന്റസിലേക്ക് മാറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവം പരിഹരിക്കാന്‍ റയലിന് ഇതുവരേയും കഴിഞ്ഞിട്ടുമില്ല.

2018-ലെ പ്രീ-സീസണ്‍ മത്സരങ്ങളില്‍ നിരാശാജനകമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രകടനം. ഇതുവരെയുള്ള നാലുമത്സരങ്ങില്‍ മൂന്നിലും സമനില വഴങ്ങിയ യുണൈറ്റഡ് ലിവര്‍പൂളിനെതിരെയുള്ള മത്സരത്തില്‍ 4-1-ന് പരാജയപ്പെടുകയും ചെയ്തു. ഓഗസ്റ്റില്‍ ആരംഭിക്കുന്ന സീസണിന് മുമ്പ് ആത്മവിശ്വാസം വീണ്ടെക്കാന്‍ ലഭിക്കുന്ന മികച്ച സന്ദര്‍മാണ് യുണൈറ്റഡിന് റയലിനെതിരെയുള്ള മത്സരം. ഏറ്റവും ഒടുവില്‍ ഇവര്‍ ഏറ്റുമുട്ടിയ പതിനൊന്നു മത്സരങ്ങളില്‍ അഞ്ചിലും റയലിനായിരുന്നു വിജയം. രണ്ടുമത്സരങ്ങളില്‍ യുണൈറ്റഡ് വിജയിച്ചപ്പോള്‍ നാലുമത്സരങ്ങളില്‍ സമനിലയിലായിരുന്നു ഫലം. ലോകകപ്പില്‍ പങ്കെടുത്ത പ്രമുഖതാരങ്ങള്‍ ഇനിയും ടീമിനൊപ്പം ചേര്‍ന്നിട്ടില്ല എന്നതാണ് യുണൈറ്റഡിനെ ദുര്‍ബലമാക്കുന്നത്. റയലിനേയും ഇതേ വിഷയം അലട്ടുന്നുണ്ട്.

പോഗ്ബ, ലുക്കാക്കു, ഫെല്ലീനി, റാഷ്‌ഫോഡ്, ലിംഗാഡ്, ആഷ്‌ലി യംഗ്, ഫില്‍ജോണ്‍സ് എന്നിവരില്ലാതെയാണ് യുണൈറ്റഡ് ഇറങ്ങുക. റാഫേല്‍ വരനേ, ലൂക്കാ മോഡ്രിച്ച്, മറ്റിയോ, ഡാനിയേല്‍ കാര്‍വജാല്‍, ഇസ്‌കോ, എസന്‍സിയോ എന്നിവര്‍ റയല്‍ നിരയിലുമില്ല. താരങ്ങളുടെ കാര്യത്തില്‍ ഒരു പോലെ ദുര്‍ബലമാണ് ഇരു ടീമുകളും. എങ്കിലും രണ്ടു ടീമുകളുടേയും ബെഞ്ചിന്റെ കരുത്തിനെ കുറച്ചുകാണാന്‍ കഴിയില്ല. അതിനാല്‍ മത്സരം മികച്ചതു തന്നെയാകും. യുവന്റസിലേക്ക് മാറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ മികച്ചൊരു ടീമിനെതിരെ റയല്‍ പോരാടുന്നത് എങ്ങനെയെന്നറിയാനുള്ള കൗതുകവും ആരാധകര്‍ക്കുണ്ടാകും. ഗരത് ബെയ്‌ലിനെപ്പോലുള്ള താരങ്ങള്‍ റയലിനായി കളത്തിലിറങ്ങുന്നുണ്ട്.

DONT MISS
Top