ബിജെപി സംസ്ഥാനഅധ്യക്ഷന്‍: പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് സാധ്യത, പ്രഖ്യാപനം ഉടന്‍

പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടായേക്കും. അട്ടിമറികള്‍ നടന്നില്ലെങ്കില്‍ പിഎസ് ശ്രീധരന്‍ പിള്ള രണ്ടാം വട്ടം ബിജെപി സംസ്ഥാന അധ്യക്ഷപദവിയിലേക്കെത്തും. പ്രഖ്യാപനത്തിന് മുന്നോടിയായി ശ്രീധരന്‍ പിള്ളയെയും പികെ കൃഷ്ണദാസിനെയും ദേശീയ നേതൃത്വം ദില്ലിയ്ക്ക് വിളിപ്പിച്ചു.

അധ്യക്ഷനെ നിശ്ചയിക്കാന്‍ ദേശീയ നേതൃത്വം തീരുമാനിച്ച പാര്‍ട്ടിപ്രതിനിധികളും ആര്‍എസ്എസിലെ മുതിര്‍ന്ന നേതാക്കളും ശ്രീധരന്‍ പിള്ളയുടെ പേരാണ് ഒടുവില്‍ ദേശീയ നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശ്രീധരന്‍ പിള്ള, പികെ കൃഷ്ണദാസ് എന്നിവര്‍ ദില്ലയില്‍ ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. മുരളീധരപക്ഷവും കൃഷ്ണദാസ് വിഭാവും ഉയര്‍ത്തിയ കടുത്ത വിഭാഗീയതയ്ക്കിടെ പൊതുസമ്മതനായി ശ്രീധരന്‍ പിള്ളയെ പരിഗണിക്കാന്‍ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.

കുമ്മനം രാജശേഖരനെ അപ്രതീക്ഷിതമായി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റി രണ്ടു മാസം കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞുള്ള തര്‍ക്കം രൂക്ഷമായതാണ് പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് അനന്തമായി നീളാന്‍ കാരണമായത്. രാജ്യസഭാ എംപി വി മുരളീധരനെ അനുകൂലിക്കുന്ന ഒരുവിഭാഗവും പികെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള മറുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ ദേശീയ നേതൃത്വത്തിനും വിഷയം പരിഹരിക്കാന്‍ കഴിയാതെ പോവുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെയും കൃഷ്ണദാസിനെയും മാറ്റി നിര്‍ത്തി പിഎസ് ശ്രീധരന്‍ പിള്ളയെ പ്രസിഡന്റ് പദവിയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രനേതൃത്വം തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ ജനകീയ മുഖമെന്നതും ചെങ്ങന്നൂരിലെ മികച്ച പ്രകടനവുമൊക്കെ ശ്രീധരന്‍ പിള്ളയ്ക്ക് തുണയായി. ആര്‍എസ്എസ് നേതൃത്വത്തിനും ശ്രീധരന്‍ പിള്ളയോട് വിയോജിപ്പില്ല. ഈ സാഹചര്യത്തില്‍ രണ്ടു ദിവസത്തിനകം അദ്ദേഹത്തെ പ്രസിഡന്റായി അമിത് ഷാ പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

DONT MISS
Top