ഹിമ ദാസിന്റെ പരിശീലകനെതിരെ ലൈംഗികാരോപണം; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

നിപോണ്‍ ദാസ്

ദില്ലി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഹിമ ദാസിന്റെ പരിശീലകന്‍ നിപോണ്‍ ദാസിനെതിരെ ലൈംഗികാരോപണം. മറ്റൊരു വനിതാ അത്‌ലറ്റാണ് പരാതി നല്‍കിയത്. അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് നിപോണ്‍ ദാസ് രംഗത്തെത്തി.

പരിശീലനത്തിനിടെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഗുവഹാത്തിയില്‍ നിപോണിന് കീഴില്‍ പരിശീലനം നേടുന്ന കായികതാരത്തിന്റെ പരാതി. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സംഭവം. ജൂണില്‍ നിപോണിനെതിരെ താന്‍ പരാതി നല്‍കിയിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അത്‌ലറ്റിന്റെ പരാതിയില്‍ ഗുവഹാത്തി പൊലീസ് നിപോണിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും നിപോണ്‍ പ്രതികരിച്ചു. സത്യമറിയാന്‍ താന്‍ പരിശീലിപ്പിക്കുന്ന കുട്ടികളോട് തിരക്കാമെന്നും, സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും നിപോണ്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ അണ്ടര്‍ 20 ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം കരസ്ഥമാക്കിയ പതിനെട്ടുകാരിയായ ഹിമ ദാസ് കുറിച്ചത് പുതു ചരിത്രമായിരുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ട്രാക്കിനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് ഹിമ കുറിച്ചത്.

DONT MISS
Top