അനുമതിപത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നവരെ പിടികൂടിയാല്‍ തടവ് ശിക്ഷയും പിഴയും

ജിദ്ദ: ഹജ്ജ് അനുമതി രേഖ ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവരും യാത്രാ സൗകര്യമൊരുക്കുന്നവരും കടുത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. മക്കയിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കുന്നവരെ കണ്ടെത്തുന്നതിനായി സൗദി ജവാസാത്ത് വിഭാഗം വിവിധ പ്രവേശന കവാടങ്ങളില്‍ കര്‍ശന പരിശോധനയാണ് നടത്തിവരുന്നത്.

നിലവിലുള്ള ചെക്ക് പോസ്റ്റുകള്‍ക്ക് പുറമെ വിവിധ സ്ഥലങ്ങളില്‍ സ്പെഷ്യല്‍ ചെക്ക്പോസ്റ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ചെക്ക്പോസ്റ്റുകളില്‍വെച്ച് നിയമലംഘകരെ പിടികൂടും. പിടിയിലാകുന്നവര്‍ക്ക് ചെക്ക് പോസ്റ്റുകളില്‍ തയ്യാറാക്കിയ താത്ക്കാലിക സെമി ജുഡീഷ്യറി സംവിധാനം വഴി ശിക്ഷ വിധിക്കും. പിഴ ശിക്ഷ വിധിക്കാനുള്ള ന്യായാധിപരും കമ്മിറ്റിയുമടങ്ങിയ വിഭാഗം ഇരുപത്തിനാല് മണിക്കൂറും എല്ലാ ചെക്ക് പോസ്റ്റുകളിലും പ്രവര്‍ത്തന സജ്ജരായുണ്ടാകും.

ഹജ്ജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ വാഹന സൗകര്യം ചെയ്തുകൊടുക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പിഴ ശിക്ഷയും 15 ദിവസത്തെ തടവുശിക്ഷയും നല്‍കും. ഒരു അനധികൃത യാത്രക്കാരന് പതിനായിരം സൗദി റിയാല്‍ എന്ന തോതില്‍ വാഹനത്തിലുള്ള യാത്രക്കാരുടെ എണ്ണമനുസരിച്ച് പിഴ സംഖ്യ ഇരട്ടിക്കും. പിടികൂടപ്പെടുന്ന വാഹന ഡ്രൈവറും യാത്രക്കാരനും വിദേശിയാണെങ്കില്‍ പിഴയും തടവുശിക്ഷക്കും നല്‍കിയ ശേഷം വിസ റദ്ദ് ചെയ്ത് നാടുകടത്തും. ഇങ്ങനെ നാടുകടത്തപ്പെടുന്നവര്‍ക്ക് സൗദി അറേബ്യയില്‍ വീണ്ടും പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. യാത്രാസൗകര്യത്തിനായി ഉപയോഗിക്കുന്ന വാഹനം അധികൃതര്‍ കസ്റ്റഡിയിലെടുക്കും.

വീണ്ടും നിയമലംഘനം ആവര്‍ത്തിച്ചാല്‍ തടവ് ശിക്ഷ രണ്ട് മാസമാക്കിയും ഒരു യാത്രക്കാരന് ഇരുപത്തയ്യായിരം റിയാലാക്കി പിഴ വര്‍ധിപ്പിക്കും. മൂന്നാം തവണയും അതിനു മുകളിലും നിയമലംഘനം ആവര്‍ത്തിക്കുന്നവരുടെ തടവ് ശിക്ഷ ആറ് മാസവും ഒരു യാത്രക്കാരന് അമ്പതിനായിരം റിയാല്‍ എന്നതോതില്‍ പിഴ ഈടാക്കുകയും ചെയ്യും. ശിക്ഷ നല്‍തിയ ശേഷം ഇവരെ നാടുകടത്തും. എല്ലാ സ്വദേശികളും വിദേശികളും ഹജ്ജ് നിയമം പാലിക്കണമെന്ന് ജവാസാത്ത് അഭ്യര്‍ത്ഥിച്ചു. ഹജജ് കര്‍മ്മം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഹജജ് അനുമതിപത്രം സമ്പാദിക്കണമെന്നും ജവാസാത്ത് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഹജ്ജ് കര്‍മ്മത്തിനുശേഷം ഹജ്ജ് വിസാകാലാവധി അവസാനിക്കും മുമ്പ് സ്വരാജ്യത്തേക്ക് മടങ്ങണമെന്ന് വിദേശത്തുനിന്നെത്തിയ ഹാജിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ രാജ്യത്തുനിന്നും ഇഷ്യൂ ചെയ്ത ഹജ്ജ് അനുമതിശേഖ എപ്പോഴും കയ്യില്‍ കരുതണമെന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാരോട് പാസ്പോര്‍ട് വിഭാഗം അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

DONT MISS
Top