കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സ്റ്റാലിന്‍; പ്രവര്‍ത്തകരോട് സംയമനം പാലിക്കണമെന്നും നിര്‍ദ്ദേശം

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എംകെ സ്റ്റാലിന്‍. കരുണാനിധിയെ പ്രവേശിപ്പിച്ച കാവേരി ആശുപത്രിക്ക് ചുറ്റും പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതോടെയാണ് സ്റ്റാലിന്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്.

സ്ഥിതി ഗുരുതരമായിരുന്നുവെങ്കിലും ഇപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കാവേരി ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനും വ്യക്തമാക്കുന്നു. കാവേരി ആശുപത്രി, കരുണാനിധിയുടെ വസതി എന്നിവയ്ക്ക് ചുറ്റും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കരുണാനിധിയുടെ മക്കളും മരുമക്കളും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച് അഭ്യൂഹം പരന്നതോടെ വന്‍ ജനാവലിയാണ് ഇന്നലെ രാത്രിയോടെ ആശുപത്രിക്ക് ചുറ്റും തടിച്ചുകൂടിയത്. ഇതിന് പിന്നാലെ സ്റ്റാലിന്‍ പ്രവര്‍ത്തകരോട് സംയമനം പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അദ്ദേഹത്തെ ഗോപാലപുരത്തെ വസതിയില്‍ നിന്നും ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.

DONT MISS
Top