ജിദ്ദ വിമാനത്താവളം വഴിയുള്ള ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിതുടങ്ങി; ആദ്യം എത്തിയത് ചെന്നൈയില്‍നിന്നുള്ള ഹാജിമാര്‍

അധികൃതര്‍ ഹാജിമാരെ സ്വീകരിക്കുന്നു

ജിദ്ദ: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ജിദ്ദ വിമാനത്താവളം വഴിയുള്ള ആദ്യ ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ ഇന്ന്(29-07-2018) മുതല്‍ മക്ക പുണ്യഭൂമിയില്‍ എത്തിതുടങ്ങി. ചെന്നൈയില്‍നിന്നുള്ള സംഘം ഇന്ന് രാവിലെ സൗദി സമയം 9.30ന് ആണ് ജിദ്ദ വിമാനത്താവളത്തിലെത്തിയത്. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അധികൃതര്‍ ഹാജിമാരെ സ്വീകരിച്ചു.

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹാജിമാരില്‍ ജിദ്ദ വിമാനത്താവളം വഴിയുള്ള ആദ്യ ഹജ്ജ് സംഘം ഇന്ന് രാവിലെ 9.30 ന് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നാല്‍പത് മിനുട്ട് നേരത്തെ അതായത് സൗദി സമയം 8.40-ന് തന്നെ ഹാജിമാരെയും വഹിച്ചുള്ള വിമാനം ജിദ്ദ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ചെന്നൈയില്‍നിന്നുള്ള 420 ഹാജിമാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷേഖ്, ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് ഷാഹിദ് ആലം, കോണ്‍സുല്‍ ഫോര്‍ കോണ്‍സുലര്‍ പാസ്പോര്‍ട്ട് വിഭാഗം ആനന്ദ് കുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഹാജിമാരെ സ്വീകരിച്ചത്.

ജിദ്ദയില്‍ വിമാനമിറങ്ങി നടപടികള്‍ പൂര്‍ത്തിയാക്കിയ ഹാജിമാര്‍ ഉച്ചക്ക് ഒന്നര മണിയോടെ മക്കയില്‍ താമസ സ്ഥലത്തെത്തി. മക്കയില്‍ അസീസിയ കാറ്റഗറിയില്‍ 411, 413 എന്നീ കെട്ടിടങ്ങളിലാണ് ഇന്ന് ചെന്നൈയില്‍ നിന്നും എത്തിയ ഹാജിമാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇന്ന് രാവിലെ 11.40ന് 420 ഹാജിമാരുമായും ഉച്ചക്ക് 2.10ന് 340 ഹാജിമാരുമായും മറ്റ് രണ്ട് വിമാനങ്ങള്‍ കൂടി ചെന്നൈയില്‍നിന്നും ജിദ്ദ വിമാനത്താവളം വഴി എത്തിയിട്ടുണ്ട്.

ചെന്നൈയില്‍നിന്നു കൂടാതെ മുംബൈ നാഗ്പൂര്‍ എന്നിവിടങ്ങളില്‍നിന്നും ഓരോ വിമാനങ്ങള്‍കൂടി ഇന്ത്യന്‍ ഹാജിമാരെയും വഹിച്ച് ഇന്ന് ജിദ്ദ വിമാനത്താവളത്തില്‍ ഉച്ചക്കുശേഷം എത്തിയിട്ടുണ്ട്. എല്ലാ ഹാജിമാരെയും ജിദ്ദ വിമാനത്താവളത്തില്‍നിന്നും മുതവഫുമാര്‍ ഒരുക്കിയ വാഹനങ്ങളിലാണ് മക്കയിലെത്തിച്ചത്.

DONT MISS
Top