ഗുജറാത്തില്‍ ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു; ഒരാളുടെ നില ഗുരുതരം

പ്രതീകാത്മക ചിത്രം

ദില്ലി: മോഷ്ടാക്കള്‍ എന്നാരോപിച്ച് ഗുജറാത്തില്‍ ആള്‍ക്കൂട്ടം നടത്തിയ അക്രമത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഇയാളുടെ കൂടെയുണ്ടായിരുന്നു മറ്റൊരു യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുജറാത്തിലെ ദാഹോഡില്‍ ഇന്നലെ രാത്രിയാണ് അക്രമം നടന്നത്.

മൊബൈല്‍ മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം യുവാക്കളെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതര പരുക്കേറ്റ അജ്മല്‍ വഹോനിയ സംഭസ്ഥലത്ത് തന്നെ മരിച്ചു. ഇയാളുടെ സുഹൃത്ത് ഭാരു മാത്തുറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 20 പേര്‍ ചേര്‍ന്നാണ് യുവാക്കളെ അക്രമിച്ചത്. അക്രമികള്‍ സംഭവശേഷം സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടതായി നാട്ടുകാര്‍ പൊലീസിന് മൊഴിനല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അജ്മലിന് എതിരെ 32 ഓളം മോഷണ കുറ്റങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

പശുവിന് മോഷ്ടിച്ചുവെന്ന് ആരോപിച്ച് രാജസ്ഥാനിലെ അല്‍വാറിലും ആള്‍ക്കൂട്ടം അക്ബര്‍ ഖാന്‍ എന്ന യുവാവിനെ കൊലപെടുത്തിയിരുന്നു. രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ മന്ത്രിതല സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

DONT MISS
Top