ലാവലിന്‍: സിബിഐ സത്യവാങ്മൂലം പിണറായിക്കു തിരിച്ചടിയെന്നു ഹസന്‍

എംഎം ഹസന്‍

തിരുവനന്തപുരം: ലാവലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അദ്ദേഹത്തിനു കനത്ത തിരിച്ചടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. കോണ്‍ഗ്രസും യുഡിഎഫും സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്നതാണു സിബിഐയുടെ കണ്ടെത്തലെന്നും അദ്ദേഹം പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടിലും സിബിഐയുടെ കുറ്റപത്രത്തിലും പിണറായി വിജയന്റെ പങ്ക് അടിവരയിട്ടു വ്യക്തമാക്കിയിട്ടുണ്ട്. സിബിഐയുടെ കുറ്റപത്രത്തില്‍ പിണറായി വിജയന്‍ ഒന്‍പതാം പ്രതിയാണ്. 2006ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ലാവ്‌ലിന്‍ കേസ് സിബിഐക്കു വിട്ടത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതി നടന്നത് ലാവ്‌ലിന്‍ ഇടപാടിലാണെന്നും അതിന്റെ സൂത്രധാരന്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ആണെന്നുമാണ് യുഡിഎഫിന്റെ നിലപാട്.

പുതിയ സത്യവാങ്മൂലത്തില്‍ സിബിഐ പുറത്തുവിട്ട പുതിയ വെളിപ്പെടുത്തലുകള്‍ പിണറായിയുടെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നു. ലാവലിന്‍ കമ്പനിക്കു നല്കിയിരുന്ന കണ്‍സള്‍ട്ടന്‍സി കരാര്‍ വിതരണക്കരാറാക്കി മാറ്റിയത് പിണറായിയുടെ താത്പര്യപ്രകാരമായിരുന്നെന്നു സിബിഐ കണ്ടെത്തി. പിണറായി വൈദ്യുത മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹവും മറ്റു പ്രതികളും ലാവലിന്റെ അതിഥിയായി കാനഡ സന്ദര്‍ശിക്കുകയും വിതരണക്കരാറില്‍ ഒപ്പുവയ്ക്കാന്‍ പിണറായി വിജയന്‍ തീരുമാനിക്കുകയും ചെയ്ത കാര്യം ഹൈക്കോടതി പരിഗണിച്ചില്ല. വിചാരണക്കോടതിയില്‍ സിബിഐ ഹാജരാക്കിയ തെളിവുകള്‍ പിണറായി ഉള്‍പ്പെടെയുള്ള മൂന്നു പ്രതികളെ ഒഴിവാക്കാന്‍ ഹൈക്കോടതി ദുര്‍വ്യാഖ്യാനം ചെയ്യുകയോ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയോ ചെയ്‌തെന്നും സിബിഐ ആരോപിക്കുന്നു.

സിബിഐയുടെ പുതിയ കണ്ടെത്തലുകള്‍ പിണറായിയുടെ നില വളരെ പരുങ്ങലിലാക്കിയിരിക്കുകയാണ്. നേരത്തെ വിചാരണക്കോടതി പിണറായിയെ വെറുതെവിട്ടപ്പോള്‍ പൂമാലയിട്ടു സ്വീകരിച്ച സിപിഐഎമ്മുകാര്‍ അന്തിമവിധി വരുമ്പോള്‍ നിരാശപ്പെടേണ്ടി വരുമെന്നും ഹസന്‍ പറഞ്ഞു.

DONT MISS
Top