ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി അട്ടിമറിക്കുന്നു: കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്ററെ സ്വാധീനിക്കാന്‍ രൂപതയുടെ ശ്രമം, ടെലഫോണ്‍ സംഭാഷണം പുറത്ത്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികപീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമവുമായി സഭ. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്ററെ സ്വാധീനിച്ച് പരാതി അട്ടിമറിക്കാനാണ് രൂപതയുടെ ശ്രമം. വീടും വസ്തുവും വാഗ്ദാനം ചെയ്താണ് കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്ററിനെ സ്വാധീനിക്കാന്‍ ശ്രമം നടന്നത്. സിഎംഐ സഭയിലെ ഫാദര്‍ ജെയിംസ് എര്‍ത്തയിലാണ് സിസ്റ്റര്‍ അനുപമയെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നു.

പത്തേക്കര്‍ സ്ഥലവും വീടുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ വൈദികനാണ് ഫാദര്‍ ജെയിംസ് എര്‍ത്തയില്‍. ഭീഷണിയും പ്രലോഭനവും എല്ലാം അടങ്ങുന്ന പതിനൊന്ന് മിനിട്ട് ദൈര്‍ഘ്യമുള്ളതാണ് ഫോണ്‍ സംഭാഷണം.

സിസ്റ്ററിന് കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ വീടും വസ്തുവുമാണ് ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ വാഗ്ദാനം ചെയ്തത്. കൂടാതെ ആവശ്യപ്പെടുന്നിടത്ത് മഠം പണിയാന്‍ സ്ഥലം നല്‍കാമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. ജലന്ധര്‍ രൂപത നേരിട്ടാണ് ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത് എന്നതാണ് പ്രത്യേകത. ജലന്ധര്‍ രൂപതയുടെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളും നല്‍കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് സംഭാഷണത്തില്‍ പറയുന്നത്. പരാതിയില്‍ നിന്ന് പിന്‍മാറണമെന്നും പ്രശ്‌നങ്ങളില്‍ ചെന്ന് ചാടേണ്ടെന്നും പറയുന്നു. പരാതി പിന്‍വലിക്കുന്നതിലൂടെ നിലവിലുള്ള ഭീഷണികളില്‍ നിന്ന് രക്ഷപെടാമെന്നും ജെയിംസ് എര്‍ത്തയില്‍ പറയുന്നു.

ഫോണ്‍ സംഭാഷണം പൊലീസിന് കൈമാറുമെന്ന് സിസ്റ്ററുടെ വീട്ടുകാര്‍ പറഞ്ഞു.

DONT MISS
Top