കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; ഉപരാഷ്ട്രപതി ഇന്ന് സന്ദര്‍ശിക്കും

കരുണാനിധി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അദ്ദേഹത്തെ ഗോപാലപുരത്തെ വസതിയില്‍ നിന്നും ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ അദ്ദേഹം തുടരുകയാണെന്ന് കാവേരി ആശുപത്രി അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകള്‍ കനിമൊഴി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. അതേസമയം ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്ന് ആശുപത്രിയില്‍ ചെന്ന് കരുണാനിധിയെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

നേരത്തെ കാവേരി ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഗോപാലപുരത്തുള്ള വസതിയില്‍ തന്നെയായിരുന്നു കരുണാനിധിയെ ചികിത്സിച്ചിരുന്നത്. മൂത്രാശത്തിലെ അണുബാധയ്ക്കൊപ്പം പനി കൂടിയതാണ് 94 കാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകാന്‍ കാരണമായത്. ഡിഎംകെ പ്രവര്‍ത്തകരുടെ വന്‍ ജനാവലി തന്നെ ആശുപത്രിക്ക് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

DONT MISS
Top