കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: വടക്കന്‍ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഷസ്ത കൗണ്ടിയില്‍ ആരംഭിച്ച കാട്ടുതീ കനത്ത ചുഴലിക്കാറ്റോടുകൂടി വ്യാപിക്കുകയായിരുന്നു. തീ പടരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കാട്ടുതീ വ്യാപിച്ചതോടെ പതിനായിരക്കണക്കിന് പേരാണ് വീടുകള്‍ ഉപേക്ഷിച്ച് ഓടിപ്പോയത്. നിരവധി കെട്ടിടങ്ങള്‍ക്ക് കാട്ടുതീയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ മരണമാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. നിരവധിപേരെ കാണാതായിട്ടുണ്ട്.

48000 ഏക്കറില്‍ കാട്ടുതീ വ്യാപിച്ചിട്ടുണ്ട്. ആയിരക്കണക്കിന് അഗ്നിശമന സേനാ പ്രവര്‍ത്തകരാണ് തീ അണയ്ക്കാന്‍ രംഗത്തുള്ളത്. എന്നാല്‍ കാട്ടുതീയുടെ അഞ്ച് ശതമാനം മാത്രമാണ് ഇതുവരെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.

DONT MISS
Top