തുറമുഖം വഴിയുള്ള ആദ്യ ഹജ്ജ് സംഘം പുണ്യനഗരിയിലെത്തി

ജിദ്ദ: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി കടല്‍ മാര്‍ഗമുള്ള ആദ്യ ഹജ്ജ് സംഘം ജിദ്ദ തുറമുഖം വഴി മക്കയിലെത്തി. സുഡാനില്‍ നിന്നും മുദാ, നൂറാ എന്നീ രണ്ട് കപ്പലുകളില്‍ 2,303 തീര്‍ത്ഥാടകരാണ് ഹജ്ജ് കര്‍മ്മത്തിനായി കഴിഞ്ഞ ദിവസം ജിദ്ദ തുറമുഖം വഴി മക്കയിലെത്തിയത്.

ജിദ്ദ തുറമുഖത്തെത്തിയ ആദ്യ സംഘത്തെ ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിക്കുകയും സേവനം നല്‍കുകയും ചെയ്തു. ഗര്‍ഭിണികളും കുട്ടികളും പ്രായം ചെന്നവരുമായ തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേക സേവനങ്ങളാണ് തുറമുഖത്ത് നല്‍കിയത്. ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടും മുമ്പുള്ള പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ രേഖകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പ് വരുത്തി. ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ച വാക്‌സിനേഷനുകള്‍ തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കി.

ഹാജിമാര്‍ അവരുടെ നാട്ടില്‍നിന്നും പുറപ്പെടും മുമ്പ് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള മെനിഞ്ചൈറ്റിസ്, യെല്ലോ ഫീവര്‍ തുടങ്ങിയ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിട്ടുണ്ടോ എന്ന് ഓരോ ഹാജിമാരേയും പരിശോധിച്ച് ഉറപ്പുവരുത്തിയതായി തുറമുഖത്തെ മന്ത്രാലയത്തിന്റെ ചുമതലയുള്ള ഡയറക്ടര്‍ ഡോക്ടര്‍ നഷ്‌വാന്‍ അബ്ദുള്ള പറഞ്ഞു. ആരോഗ്യപരിരക്ഷ സംബന്ധമായ വിവരങ്ങള്‍ ഉള്‍കൊള്ളുന്ന ചെറിയ പുസ്തകങ്ങളും ഹാജിമാര്‍ക്ക് തുറമുഖത്തുവച്ച് വിതരണം ചെയ്തു. തുറമുഖത്തെത്തിയ പ്രഥമ ഹജ്ജ് സംഘത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ മികച്ച സ്വീകരണമാണ് നല്‍കിയതെന്നും ഡോക്ടര്‍മാരും ടെക്‌നീഷ്യന്‍മാരും അടങ്ങിയ 115 അംഗമെഡിക്കല്‍ സംഘമാണ് ജിദ്ദ തുറമുഖത്ത് ഹാജിമാരുടെ സേവനത്തിനായുള്ളതെന്നും ഡോക്ടര്‍ നഷ്‌വാന്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

അത്യാവശ്യമുള്ള ഹാജിമാര്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുവാനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്. രോഗികളെ പരിശോധിക്കാനാവശ്യമായ ഉപകരണങ്ങളും സജജമാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകരില്‍ സാംക്രമിക രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനവും അത്യാവശ്യഘട്ടത്തില്‍ ഹാജിമാരെ ആശുപത്രികളിലേക്ക് മാറ്റേണ്ടിവരികയാണെങ്കില്‍ അതിനുള്ള സൗകര്യങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

DONT MISS
Top