കീഴാറ്റൂര്‍ ബൈപ്പാസ്: ത്രീഡി നോട്ടിഫിക്കേഷന്‍ കേന്ദ്രം മരവിപ്പിച്ചു

ഫയല്‍ചിത്രം

ദില്ലി: കീഴാറ്റൂരില്‍ പാടം നികത്തിയുള്ള നിര്‍ദിഷ്ട ദേശീയപാതാ നിര്‍മാണത്തിന്റെ അലൈന്‍മെന്റിനുള്ള ത്രീഡി നോട്ടിഫിക്കേഷന്‍ കേന്ദ്രം താത്കാലികമായി മരവിപ്പിച്ചു. അടുത്തമാസം ആദ്യം ദേശീയപാതാ അധികൃതര്‍ വയല്‍ക്കിളികളുമായി ചര്‍ച്ച നടത്താനും തീരുമാനമായി. സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നോട്ടിഫിക്കേഷന്‍ മരവിപ്പിച്ചിരിക്കുന്നത്. ജൂലൈ 13 നാണ് കീഴാറ്റൂര്‍ ദേശീയപാതാ അലൈന്‍മെന്റിന്റെ ത്രീഡി നോട്ടിഫിക്കേഷന്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് പുറത്തിറക്കിയത്.

ത്രീഡി നോട്ടിഫിക്കേഷന്‍ മരവിപ്പിച്ച വിവരം ബിജെപി നേതാക്കള്‍ വയല്‍ക്കിളി സമരനേതാക്കളെ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കേന്ദ്രഉപരിതല ഗതാഗതവകുപ്പിന്റെ കീഴില്‍ നടന്ന യോഗത്തിലാണ് ത്രീഡി നോട്ടിഫിക്കേഷന്‍ മരവിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

കീഴാറ്റൂരില്‍ പാടം നികത്തി ദേശീയപാത നിര്‍മിക്കുന്നതിനെതിരെ സംസ്ഥാനത്തെ ബിജെപി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉന്നയിച്ചിരുന്നു. വയല്‍ക്കിളികളുടെ സമരത്തിന് ബിജെപി സംസ്ഥനഘടകം ശക്തമായ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. സുരേഷ് ഗോപി എംപി ഉള്‍പ്പെടെയുള്ള നേതാക്കളാണ് സമരത്തിന് പിന്തുണയുമായി കീഴാറ്റൂരിലെത്തിയത്.

നേരത്തെ കുമ്മനം രാജശേഖരന്‍, വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ എന്നിവര്‍ അലൈന്‍മെന്റിനെതിരെ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്രവനം-പരസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക പഠനം നടത്തിയിരുന്നു. പാടശേഖരത്തിലൂടെ പാത കടന്നുപോകുന്നത് പാരിസ്ഥിതികാഘാതത്തിന് കാരണമാകുമെന്നും മറ്റ് പോംവഴികള്‍ ഇല്ലെങ്കില്‍ മാത്രമെ ഈ അലൈന്‍മെന്റുമായി മുന്നോട്ട് പോകാവൂ എന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇത് പരിഗണിച്ചാണ് ത്രീഡി നോട്ടിഫിക്കേഷന്‍ മരവിപ്പിച്ചിരിക്കുന്നത്.

നോട്ടിഫിക്കേഷന്‍ ഇറക്കിയതിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ബിജെപിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. പാടശേഖരത്തിലൂടെയുള്ള അലൈന്‍മെന്റ് നിര്‍ണയിച്ചത് കേന്ദ്രസര്‍ക്കാരാണെന്നും അക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കുറ്റക്കാരല്ലെന്നും നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയതിലൂടെ ബിജെപിയുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ രംഗത്ത് വന്നത്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

DONT MISS
Top