സ്പാനിഷ് കടമ്പ കടക്കാന്‍ കേരളം; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജിറോണയ്‌ക്കെതിരെ

ബ്ലാസ്‌റ്റേഴ്‌സ് ടീം

കൊച്ചി: ടൊയോട്ട യാരിസ് ലാ ലീഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ്-ജിറോണ എഫ്സി പോരാട്ടം ഇന്ന്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ സിറ്റി എഫ്‌സിയോടേറ്റ കനത്ത പരാജയം മായ്ച്ചുകളയാന്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ മെല്‍ബണിനെതിരെ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ജിറോണ ഇന്ന് പന്തു തട്ടാനിറങ്ങുന്നത്.

റയല്‍ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയ ജിറോണ സ്പാനിഷ് ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നാണ്. പേരിനൊത്ത പ്രകടനം തന്നെയായിരുന്നു കഴിഞ്ഞ രാത്രി അവര്‍ കൊച്ചിയില്‍ കാഴ്ചവെച്ചതും. മറുപടിയില്ലാത്ത ആറ് ഗോളിനാണ് ഓസ്‌ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ മെല്‍ബണ്‍ സിറ്റിയെ തകര്‍ത്തുവിട്ടത്. ജിറോണയ്ക്ക് മുന്നില്‍ ഒരുഘട്ടത്തിലും പിടിച്ചുനില്‍ക്കാന്‍ മെല്‍ബണിന് സാധിച്ചില്ല. ജിറോണയ്‌ക്കെതിരെ ഇന്നിറങ്ങുമ്പോള്‍ സ്പാനിഷ് കരുത്തിനെ എങ്ങനെ പിടിച്ചുകെട്ടാം എന്നുതന്നെയായിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ ചിന്തയും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്ക് മുന്‍പുള്ള തയ്യാറെടുപ്പായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തെ സമീപിക്കുന്നത്.  ജിറോണയെ തോല്‍പ്പിക്കാം എന്ന അമിത ആത്മവിശ്വസം ബ്ലാസ്റ്റേഴ്‌സിന് ഉണ്ടാകാനിടയില്ലെങ്കിലും അവസാന മത്സരത്തില്‍ ഒരു സമനിലയെങ്കിലും ലക്ഷ്യമിട്ടായിരിക്കും ടീം ഇറങ്ങുക. ജിറോണയുടെ കുതിപ്പ് തടയാന്‍ പരിശീലകന്‍ ഡേവിഡ് ജെയിംസ് എങ്ങനെ ടീമിനെ തയ്യാറാക്കും എന്നതിനെ ആശ്രയിച്ചിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ ഇന്നത്തെ ഫലം. മെല്‍ബണിനെതിരെ ഇറങ്ങിയ ടീമില്‍ ജെയിംസ് മാറ്റങ്ങള്‍ വരുത്തിയേക്കും.

മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഗോളി ധീരജ് സിംഗിന്റെ പരിചയക്കുറവും പ്രതിരോധത്തിലെ പാളിച്ചകളും കഴിഞ്ഞ മത്സരത്തില്‍ നിഴലിച്ചിരുന്നു. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. അതിനാല്‍ ജിറോണയ്‌ക്കെതിരെ ഒരു സമനിലയെങ്കിലും മോഹിക്കണമെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഇന്ന് കൂടുതല്‍ മികവ് പുറത്തെടുക്കേണ്ടിയിരിക്കുന്നു. ഒപ്പം മികച്ച ഒരു മധ്യനിരക്കാരന്റെ അഭാവവും ടീമില്‍ പ്രകടമാണ്. മലയാളി താരം കെ പ്രശാന്തിന്റെ പ്രകടനം ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് താരത്തിന്റെ കളിരീതി കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്.

DONT MISS
Top