ഇത് പുതിയ അനുഭവം; പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റി ‘കിനാവള്ളി’

ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ സുഗീതിന്റെ പുതിയ ചിത്രമായ ‘കിനാവള്ളി’ക്ക് എങ്ങും നല്ല റിപ്പോര്‍ട്ടുകള്‍. അവിശ്വസനീയമായ ഒരു കഥയെ അതിന്റെ എല്ല തലങ്ങളിലും പ്രേക്ഷകനിലെ ആസ്വാദനത്തെ മാത്രം മുന്നില്‍ കണ്ട്, അതിമനോഹരമായ പാട്ടുകളാലും നിറഞ്ഞ് നില്‍ക്കുന്ന ദൃശ്യ ഭംഗി കൊണ്ടും പ്രണയത്തിന്റെയും ചങ്ങാത്തത്തിന്റെയും നൂലിഴകളില്‍ കോര്‍ത്ത് നമ്മളിലേക്ക് എത്തിക്കുകയാണ് ‘കിനാവള്ളി’ എന്ന ചിത്രത്തിലൂടെ സുഗീത്. ചിത്രത്തിന്റെ കഥാഘടനയില്‍ ആദ്യാന്ത്യം ഭയത്തിന്റെ ഒരു ചെറു സ്പര്ശനം നിലനിര്‍ത്തി, നമ്മളിലെ പ്രേക്ഷകനെ ഒരിക്കല്‍കൂടി മറ്റൊരു ലോകത്തേക്ക് കൈപിടിച്ചുകൊണ്ട് പോകുകയാണ് കിനാവള്ളി.

പൂര്‍ണ്ണമായും ഒരു പുതുമുഖ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചില പരസ്യങ്ങളിലും, ആല്‍ബങ്ങളിലും, സിനിമകളിലും അഭിനയിച്ചിട്ടുള്ള സുരഭിയെയും, ക്രിഷിനേയും, സൗമ്യയെയും മാറ്റിനിര്‍ത്തിയാല്‍ ബാക്കിയെല്ലാവരും തന്നെ മലയാളി പ്രേക്ഷകര്‍ക്ക് അപരിചിതരാണ്.

അജിത്ത്, വിവേക്, സ്വാതി, സുധീഷ്, ഗോപന്‍ തുടങ്ങിയവര്‍ ചെറുപ്പം മുതലേ ഉള്ള സുഹൃത്തുക്കളാണ്. വിവേകിന്റെ വിവാഹത്തിന്റെ ഭാഗമായി അവര്‍ വീണ്ടും കണ്ടുമുട്ടുകയാണ്. വിവേകുമായി വിവാഹമുറപ്പിച്ച ആന്‍ വിവേകിന്റെ സുഹൃത്തുക്കളെ അവരുടെ ബംഗ്ലാവിലേക്ക് ക്ഷണിക്കുന്നു. ആ ബംഗ്ലാവില്‍ മുന്‍പ് നടന്നിട്ടുള്ള ചില പേടിപ്പെടുത്തുന്ന കാര്യങ്ങള്‍ അവരെ വേട്ടയാടുന്നു.

ടൈറ്റില്‍ മുതല്‍ തന്നെ ഉള്ള മികച്ച ഫ്രെയിമുകളും, ഓരോ ഫ്രെയിമിലും പുതുമ നിറച്ചുള്ള വിതരണ രീതിയും മലയാളത്തില്‍ തന്നെ ഒരു പക്ഷെ ആദ്യമായിരിക്കും. വാട്ട്‌സാപ്പ് കോമഡികളും, ചളികളും കുത്തിനിറക്കാതെ ചിരിക്കാനുള്ള സ്വാഭാവിക നര്‍മ്മങ്ങളാല്‍ നിറഞ്ഞ ഒരു സിനിമ കൂടിയാണ് കിനാവള്ളി. നിലവാരമുള്ള കോമഡികളാലും, ഉദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങളാലും കിനാവള്ളി പ്രേക്ഷകര്‍ക്ക് മുടക്കുന്ന പണം തിരികെ നല്‍കുന്നുണ്ട്.

DONT MISS
Top